ടാറ്റ മോട്ടോഴ്സിന്റെ ചെറു ഹാച്ച്ബാക്കായ ‘ടിയാഗൊ എൻ ആർ ജി’ നേപ്പാളിലും എത്തി. പങ്കാളിയായ സിപ്രാഡി ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വാഹനം നേപ്പാൾ വിപണിയിൽ അവതരിപ്പിച്ചത്. കാറിന് 33.75 ലക്ഷം നേപ്പാളി രൂപ(ഏകദേശം 21.14 ലക്ഷം ഇന്ത്യൻ രൂപ) മുതലാണു വില. കാർ ഫോറസ്റ്റ് ഗ്രീൻ, ഫയർ റെഡ്, സ്നോ വൈറ്റ്, ക്ലൗഡി ഗ്രേ നിറങ്ങളിലാണു നേപ്പാളിൽ ലഭ്യമാവുകയെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു.
സിപ്രാഡി ട്രേഡിങ്ങിന്റെ ഷോറൂമുകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ടിയാഗൊ എൻ ആർ ജി രാജ്യവ്യാപകമായി ടെസ്റ്റ് ഡ്രൈവിനും ലഭ്യമാണെന്ന് കമ്പനി വ്യക്തമാക്കി. ഗ്ലോബൽ എൻ സി എ പി സുരക്ഷാ പരിശോധനയിൽ മുതിർന്നവർക്കു നാലു നക്ഷത്ര റേറ്റിങ് വാഹനം നേടിയയിരുന്നു. പ്രീമിയം സവിശേഷതകളായ പുഷ് സ്റ്റാർട് ബട്ടൻ, റിയർ പാർക്കിങ് കാമറ, സ്വയം അടയുന്ന ഔട്ടർ റിയർ വ്യൂ മിറർ തുടങ്ങിയവ സഹിതമാണ് എൻആർജിയുടെ വരവ്.
1.2 ലീറ്റർ റെവൊട്രോൺ പെട്രോൾ എൻജിൻ ആണ് കരുത്തേകുന്നത്. മാനുവൽ, ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എ എം ടി) ഗീയർബോക്സുകളോടെ കാർ ലഭ്യമാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് ടിയാഗൊ എൻആർജി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയത്; 6.57 ലക്ഷം രൂപയാണു കാറിന്റെ ഇന്ത്യയിലെ ഷോറൂം വില.






