
ചെറു ഹാച്ച്ബാക്കായ സെലേറിയൊയുടെ ലുക്ക് തന്നെ മാറ്റാനുള്ള നീക്കത്തിലാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എം എസ് ഐ എൽ. നിലവിലുള്ള കാറിൽ പരിഷ്കാരങ്ങൾ നടപ്പാക്കില്ലെന്നും പകരം സെലേറിയൊയിൽ പൂർണതോതിലുള്ള മോഡൽ മാറ്റമാവും കമ്പനി നടപ്പാക്കുക എന്നുമാണ് റിപ്പോർട്ട്. ഇന്ധനക്ഷമത കൂടിയ പുതിയ എൻജിനും വരാനിരിക്കുന്ന സെലേറിയോയിൽ പ്രതീക്ഷിക്കാം. സെലേറിയൊയ്ക്കും മറ്റു മോഡലുകളെ പോലെ ഇനി ഹാർടെക്ട് പ്ലാറ്റ്ഫോമാവും അടിത്തറയാവുക.
ഏതാനും മാസം മുമ്പു തന്നെ പുത്തൻ സെലേറിയൊയുടെ ചിത്രങ്ങളും മറ്റും പുറത്തെത്തിയിരുന്നു. എന്നാൽ നവംബർ 10നു കാറിന്റെ വിലയും മറ്റു വിവരങ്ങളും കമ്പനി പ്രഖ്യാപിക്കുമെന്നാണു സൂചന. ഡീലർമാർക്കു ഇതു സംബന്ധിച്ച അറിയിപ്പും മാരുതി സുസുക്കി നൽകിയിട്ടുണ്ട്. അതേസമയം, സിലിക്കൺ(സെമികണ്ടക്ടർ) ചിപ്പുകളുടെ ക്ഷാമം മാറ്റമില്ലാതെ തുടരുന്നത് ഒക്ടോബറിലെ ഉൽപ്പാദനം കുറയ്ക്കുമെന്ന് മാരുതി സുസുക്കി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയ സെലേറിയൊ അവതരണം വൈകാനാണ് സാധ്യത എന്ന് ചില റിപോർട്ടുകൾ ഉണ്ട്.
സെഗ്മെന്റിലെ ഏറ്റവും ഉയർന്ന ഇന്ധനക്ഷമതയായ ലീറ്ററിന് 26 കിലോമീറ്റര്‍ വാഹനത്തിന് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.പുതിയ ഒരു ലീറ്റർ മൂന്നു സിലിണ്ടർ കെ 10സി എൻജിനാണ് കാറിനു കരുത്തേകുക. 67 ബി എച്ച് പി വരെ കരുത്താണു എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ, അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എഎംടി) എന്നിവയാണു ഗീയർബോക്സ് സാധ്യതകൾ.






