
ജാപ്പനീസ് നിർമാതാക്കളായ നിസാന് മോട്ടോഴ്സിന്റെ മാഗ്നൈറ്റ് എന്ന കോംപാക്ട് എസ്.യു.വി. ഇതുവരെ അറുപത്തി അയ്യായിരത്തിലേറെ ബുക്കിങ് നേടിയതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം അവസാനത്തോടെ ആണ് മാഗ്നൈറ്റ് അരങ്ങേറ്റം കുറിച്ചത്. നിസ്സാൻ മോട്ടോർ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ നിർണായക മോഡലായി മാഗ്നൈറ്റ് മാറുകയാണെന്നും കമ്പനി വിലയിരുത്തുന്നു.
2,816 വാഹനങ്ങൾ സെപ്റ്റംബറിൽ നിസ്സാൻ, ഡാറ്റ്സൻ ശ്രേണിയിലായി വിറ്റെന്നാണു കണക്ക്. അതായത് മുൻവർഷം ഇതേ മാസത്തെ വിൽപ്പനയെ അപേക്ഷിച്ച് 261% വർധനയാണ് ഉണ്ടായത്. അതുപോലെതന്നെ നിസ്സാൻ മോട്ടോറിന് മാഗ്നൈറ്റിന്റെ പിൻബലത്തിൽ കയറ്റുമതിയിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞു. 2020 സെപ്റ്റംബറിൽ വെറും 211 യൂണിറ്റ് കയറ്റുമതി ചെയ്ത സ്ഥാനത്ത് 2021 സെപ്റ്റംബറിൽ 5900 യൂണിറ്റ് കയറ്റുമതി ചെയ്തു.
അതേസമയം, കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ മൊത്തം പ്രതികൂലമാണെന്നും ജാഗ്രത തുടരണമെന്നും നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ കരുതുന്നു. ഉപയോക്താക്കൾ ഉത്സവകാലം അടുത്തെത്തിയതോടെ സജീവകമാകുകയും ബുക്കിങ് കൂടുകയും ചെയ്യുന്നുണ്ട്. പക്ഷേ സിലിക്കൺ (സെമികണ്ടക്ടർ) ചിപ്പുകളുടെ ക്ഷാമം മൂലം സപ്ലൈ ചെയിനിൽ പ്രതിബന്ധങ്ങളുണ്ടെന്നും ഇവ മറികടക്കാനും മാഗ്നൈറ്റ് ലഭ്യത മെച്ചപ്പെടുത്താൻ കമ്പനി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.






