അടുത്തിടെ വില്പന കുറഞ്ഞ യാരിസിനെ ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ച ടൊയോട്ട ഇനി മാരുതി സുസുക്കിയുടെ സിയാസ് സെഡാനെ പേരുമാറ്റി ബെൽറ്റ എന്ന പേരിൽ ഇന്ത്യയിൽ അവതരിപ്പിക്കും. എന്നാൽ, ഇന്ത്യയ്ക്ക് പുറത്തും എർട്ടിഗ എംപിവിയാണ് ടൊയോട്ട ബാഡ്ജിങ്ങിൽ അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ചു സൗത്ത് ആഫ്രിക്കൻ വിപണിയിലാണ് റൂമിയോൺ എന്നെ പേരിൽ എർട്ടിഗയുടെ ടൊയോട്ട പതിപ്പ് വില്പനക്കെത്തിയിരിക്കുന്നത്.
ഗ്രില്ലിലെ ചെറിയ മാറ്റവും ഒപ്പം എല്ലാ സുസുക്കി ബാഡ്ജിങ്ങിനും പകരം ടൊയോട്ട ബാഡ്ജിങ് നൽകിയതൊഴിച്ചാൽ എർട്ടിഗയും റൂമിയോണും തമ്മിൽ വലിയ വ്യത്യാസങ്ങളില്ല. ടൊയോട്ട റൂമിയോണിലും ഇന്ത്യയിൽ ഇന്തോനേഷ്യയിലും വിൽക്കുന്ന എർട്ടിഗയെ ചലിപ്പിക്കുന്ന 105 ബിഎച്ച്പി കരുത്തും 138 എൻഎം ടോർക്കും നിർമ്മിക്കുന്ന 1.5 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാണ് ഉള്ളത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ആണ് ഗിയർബോക്സ് ഓപ്ഷനുകൾ.
ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തതാണ് ദക്ഷിണാഫ്രിക്കയിൽ അവതരിപ്പിച്ചിരിക്കുന്ന ടൊയോട്ട റൂമിയോൺ എന്നാണ് റിപ്പോർട്ടുകൾ. സൗത്ത് ആഫ്രിക്കൻ വിപണിയിൽ സ്റ്റാർലെറ്റ് എന്ന പേരിൽ മാരുതി സുസുക്കി ബലെനോ ഇപ്പോൾ ടൊയോട്ട വിൽക്കുന്നുണ്ട്. നിലവിൽ റൂമിയോൺ ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്നതുസംബന്ധിച്ച് റിപ്പോർട്ടുകൾ ഒന്നും ഇല്ല.






