പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് എയർടെൽ. 6,000 രൂപവരെയുള്ള ക്യാഷ്ബാക്കാണ് തിരഞ്ഞെടുത്ത സ്മാർട്ഫോണുകൾ വാങ്ങുമ്പോൾ എയർടെൽ വാഗ്ദാനം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ഈ ക്യാഷ്ബാക്ക് ഓഫർ കുറഞ്ഞ ബജറ്റ് ഫോണുകളിലും ലഭ്യമാണ്.
സാംസങ്, ഓപ്പോ, റിയൽമി, നോക്കിയ, ടെക്നോ, ലെനോവോ, മോട്ടറോള, ഇൻഫിനിക്സ്, വിവോ, ഐടെൽ, ഷവോമി, ലാവ തുടങ്ങിയ ബ്രാൻഡുകളിലുള്ള ഫോണുകളിൽ എയർടെലിന്റെ ഏറ്റവും പുതിയ 6,000 രൂപ ക്യാഷ്ബാക്ക് ഓഫർ ലഭിക്കും. 12,000 രൂപ വരെ വിലയുള്ള സ്മാർട്ട്ഫോണുകളിലാണ് ക്യാഷ്ബാക്ക് ലഭിക്കുക എന്നാണ് സൂചന. ക്യാഷ്ബാക്കിനൊപ്പം ഒരു വർഷത്തേക്ക് സൗജന്യ സ്ക്രീൻ റീപ്ലേസ്മെന്റും ലഭിക്കും. ഫോൺ വാങ്ങുന്നതിന് മുമ്പ്, എയർടെല്ലിന്റെ സൈറ്റിൽ നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഫോണിന് ക്യാഷ്ബാക്ക് ലഭിക്കുമോ ഇല്ലയോ എന്ന് പരിശോധിക്കാവുന്നതാണ്.
എയർടെൽ താങ്ക്സ് ബെനെഫിറ്റ്സിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് സൗജന്യമായി വിങ്ക് മ്യൂസിക്കും 30 ദിവസത്തെ ആമസോൺ പ്രൈം മൊബൈൽ എഡിഷനും ലഭിക്കും. 249 രൂപയ്ക്കോ അതിനു മുകളിലോ റീചാർജ് ചെയ്യുമ്പോൾ മാത്രമേ ക്യാഷ്ബാക്ക് ലഭിക്കൂ എന്ന് എയർടെൽ പറയുന്നു. 6,000 രൂപ ക്യാഷ്ബാക്ക് ഓഫർ ലഭിക്കുന്നതിന്, ഈ പായ്ക്ക് തുടർച്ചയായി 36 മാസത്തേക്ക് വാങ്ങേണ്ടിവരുമെന്ന് കമ്പനി പറയുന്നു.






