
ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ കിയ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സോണറ്റ് കോംപാക്ട് സെഡാനെ വിപണിയിലെത്തിച്ചത്. ആദ്യ വർഷം പൂർത്തിയാക്കുന്ന വേളയിൽ സോണറ്റിന്റെ ആനിവേഴ്സറി എഡീഷൻ അവതരിപ്പിച്ചിരിക്കുകയാണ് കിയ. ആറോറ ബ്ലാക്ക്പേൾ, ഗ്ലേഷ്യർ വൈറ്റ് പേൾ, സ്റ്റീൽ സിൽവർ, ഗ്രാവിറ്റി ഗ്രേ നിറങ്ങളിൽ ലഭ്യമാവുന്ന സൊണെറ്റ് ആനിവേഴ്സറി എഡീഷന് 10.79 ലക്ഷം രൂപയാണു രാജ്യത്തെ ഷോറൂം വില. സോണറ്റ് ആനിവേഴ്സറി എഡിഷന് 40,000 രൂപയോളം കൂടുതലാണ്.
HTX വേരിയന്റ് അടിസ്ഥാനമാക്കിയാണ് സോണറ്റ് ആനിവേഴ്സറി എഡിഷൻ തയ്യാറാക്കിയിരിക്കുന്നത്. ഡീസലിലും പെട്രോളിലുമായി മാന്വൽ, ഓട്ടോമാറ്റിക് ഗിയര്ബോക്സ് ഓപ്ഷനുകളിൽ ലഭ്യമാണ്. ടൈഗർ-നോസ് ഫ്രണ്ട് ഗ്രിൽ, സ്കിഡ് പ്ലേറ്റുകൾ, സെന്റർ വീൽ ക്യാപ്സ്, സൈഡ് സിൽസ് എന്നിവയിൽ ടാംഗറിൻ ഓറഞ്ച് ആക്സന്റുകൾ നൽകിയിട്ടുണ്ട്. ആനിവേഴ്സറി എഡീഷൻ എന്ന സവിശേഷ ചിഹ്നത്തിനൊപ്പം ടാംഗെറിൻ നിറത്തിലെ സൈഡ് ഡോർ ഗാർണിഷും സെന്റർ വീൽ ക്യാംപും സഹിതമാണ് വാഹനം എത്തുന്നത്. കൂടുതൽ പേശീബലം തോന്നിക്കാൻ സൈഡ് സ്കിഡ് പ്ലേറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്.
ബീജും കറുപ്പും ചേർന്ന ഡ്യുവൽ ടോൺ ലെതറേറ്റ് അപ്ഹോൾസ്റ്ററി തന്നെയാണ് സോണറ്റ് ആനിവേഴ്സറി എഡിഷനിലും. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഇലക്ട്രിക് സൺറൂഫ്, എൽഇഡി ഹെഡ്ലാമ്പുകൾ, ഇന്റഗ്രേറ്റഡ് ഡിആർഎൽ, 8.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, റിയർ വ്യൂ പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, റിയർ എസി വെന്റുകൾ തുടങ്ങിയ ഫീച്ചറുകൾ സോണറ്റ് ആനിവേഴ്സറി എഡിഷനിലുണ്ട്.
118 ബിഎച്ച്പി കരുത്തും 172 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടി-ജിഡിഐ പെട്രോൾ എഞ്ചിൻ, 99 ബിഎച്ച്പി കരുത്തും 240 എൻഎം ടോർക്കും നിർമ്മിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളിൽ സോണറ്റ് ആനിവേഴ്സറി എഡിഷൻ സ്വന്തമാക്കാം. പെട്രോൾ എൻജിൻ ആറ് സ്പീഡ് ഐഎംടി ഗിയർബോക്സിലും ഏഴ് സ്പീഡ് ഡിസിടിയിലും ലഭിക്കുമ്പോൾ ഡീസൽ എൻജിൻ 6-സ്പീഡ് മാന്വൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളാണ് എത്തുന്നത്.






