
നെക്സോണിനും ആൾട്രോസിനും പിന്നാലെ ഇപ്പോഴിതാ ടാറ്റ പഞ്ചും ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ നേടി. മുതിർന്നവരുടെ സുരക്ഷയുടെ കാര്യത്തിൽ 16.45/17 മാർക്കും, കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ 40.89/49 മാർക്കും നേടിയാണ് ടാറ്റ പഞ്ച് ഫൈവ് സ്റ്റാർ റേറ്റിംഗ് നേടിയത്. പഞ്ച് വേരിയന്റ് 64 കെഎംപിഎച് വേഗത്തിലാണ് ക്രാഷ് ടെസ്റ്റ് ചെയ്തത്. ഡ്രൈവർക്കും സഹയാത്രികനും എയർബാഗ്, എബിഎസ് എന്നിങ്ങനെയുള്ള സുരക്ഷാ ക്രമീകരണങ്ങളുണ്ട്.
പഞ്ചിന്റെ ബോഡി ഷെല്ലിനെ 'സ്ഥിരതയുള്ളത്' എന്നും 'കൂടുതൽ ലോഡിംഗുകൾ നേരിടാനുള്ള കഴിവുള്ളത്' എന്നും GNCAP റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ടാറ്റയുടെ ഇംപാക്റ്റ് 2 ഡിസൈൻ ഫിലോസഫിയിൽ നിർമിക്കുന്ന വാഹനത്തിന് 3840എംഎം നീളവും 1822 എംഎം വീതിയും 1635എംഎം ഉയരവുമുണ്ട്. ആൽഫ ആർക്കിടെക്ചർ അടിസ്ഥാനമായി തയ്യാറാക്കിയ ടാറ്റ പഞ്ചിൽ ഇബിഡി, ബ്രേക്ക് സ്വേ കൺട്രോൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഡ്യൂവൽ എയർബാഗുകൾ, എബിഎസ്, ഹൈ സ്പീഡ് അലർട്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ സ്റ്റാൻഡേർഡ് ആണ്.
റിപ്പോർട്ട് പ്രകാരം ഈ മാസം 20നാണ് ടാറ്റായുടെ കുഞ്ഞൻ എസ്യുവി പഞ്ചിന്റെ ലോഞ്ച് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ, 18ലേക്ക് മാറ്റിയതായി ടാറ്റ മോട്ടോർസ് വ്യക്തമാക്കുന്നു. 1.2 ലീറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിനുള്ള വാഹനത്തിന് 86 ബിഎച്ച്പി കരുത്തുണ്ട്. സ്പീഡ് മാനുവൽ, എഎംടി ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ. പ്യൂർ, അഡ്വെഞ്ചർ, അകംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് ട്രിമ്മുകളിലാണ് ടാറ്റ പഞ്ച് വില്പനക്കെത്തുക.






