യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് മേഘ്ന രാജ്. തുടര്‍ന്ന് നിരവധി സിനിമകളില്‍ മേഘ്ന വേഷമിട്ടു. പിന്നീട് മലയാളത്തിന് പുറമേ, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലും സജീവമായി. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിനാണ് മേഘ്നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ മരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
ഈ സമയം അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു മേഘ്ന. ചിരഞ്ജീവി സർജയുടെ അകാല വിയോഗം സിനിമാ പ്രേമികളുടെയും ഉള്ളിൽ ഇന്നും ഒരു നോവാണ്. ഇപ്പോഴിതാ പ്രിയപ്പെട്ട ചിരുവിന്റെ ജന്മദിനത്തിൽ മേഘ്ന പങ്കുവച്ച കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
"ദുരിതങ്ങളുടെ അവസാനം എല്ലായ്പ്പോഴുംവിജയമാണ്. അഗ്നി പരീക്ഷണം വലിയ കാര്യങ്ങൾ നേടുന്നതിലേക്കുള്ള പാതയാണ്, ആ പരീക്ഷണം എളുപ്പമുള്ളതല്ല. എല്ലാ പ്രതീക്ഷകളും മങ്ങി ജീവിതം നിശ്ചലമാകുമ്പോൾ, എപ്പോഴും തുരങ്കത്തിന്റെ അറ്റത്ത് ഒരു വെളിച്ചം ഉണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം ആ വെളിച്ചം ചിരുവാണ്. എന്റെ യാത്ര ആ വെളിച്ചത്തിലേക്കാണ്. പ്രിയപ്പെട്ട ഭർത്താവിന് ജന്മദിനാശംസകൾ. എന്റെ ജീവിതം, എന്റെ വെളിച്ചം.." ചിരുവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മേഘ്ന കുറിച്ചു.






