
മുംബൈയിലെ പ്രമുഖ കൊമേഡിയനായ കശ്യപിന് സംഭവിച്ച ഒരു അനുഭവമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഫുട്ബോൾ കളിയ്ക്കാൻ നീളമുള്ള സോക്സ് (സ്റ്റോക്സ്) ഓൺലൈനിൽ ഓർഡർ ചെയ്ത് ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം അദ്ദേഹത്തിന് ലഭിച്ച പാർസൽ തുറന്നു നോക്കിയപ്പോൾ കിട്ടിയത് ബ്രാ. റിപ്പോർട്ട് പ്രകാരം പ്രമുഖ ഓൺലൈൻ വസ്ത്ര വ്യാപാര വെബ്സൈറ്റായ മിന്ത്ര വഴിയാണ് കശ്യപ് സോക്സ് ഓർഡർ ചെയ്തത്.
ഓൺലൈൻ വഴി തനിക്ക് ലഭിച്ചത് ട്രയംഫ് ബ്രാൻഡിന്റെ കറുപ്പ് നിറത്തിലുള്ള ബ്രയാണ് എന്ന് ഫോട്ടോ സഹിതം കശ്യപ് റിപ്പോർട്ട് ചെയ്തു. ഡെലിവറി ചെയ്തത് തിരികെ എടുക്കില്ല എന്ന് വെബ്സൈറ്റ് പറഞ്ഞതോടെയാണ് കശ്യപ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. "ഫുട്ബോൾ സ്റ്റോക്കിംഗ് ഓർഡർ ചെയ്തു. കിട്ടിയത് ഒരു ട്രയംഫ് ബ്രാ. ചോദിച്ചപ്പോൾ മിൻത്രയുടെ പ്രതികരണം? "ക്ഷമിക്കണം, മാറ്റിത്തരാൻ കഴിയില്ല." ഇനി ഫുട്ബോൾ കളിയ്ക്കാൻ പോകുമ്പോൾ 34 സിസി ബ്രാ ധരിച്ച് പോകണം. ഞാൻ ഇതിനെ എന്റെ സ്പോർട്സ് ബ്രാ എന്ന് വിളിക്കും", കശ്യപ് ട്വീറ്റ് ചെയ്തു. എന്നാൽ പോസ്റ്റ് വൈറലായതോടെ ഷോപ്പിംഗ് സൈറ്റ് കശ്യപിന്റെ പരാതി പരിഹരിക്കാൻ രംഗത്തെത്തി. പരാതി മുൻഗണനയോടെ പരിഹരിക്കുമെന്ന് മിന്ത്ര ട്വീറ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്







Comments