ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാണ കമ്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമ അദാർ പൂനവാല പുതിയ എട്ടാം തലമുറ റോൾസ് റോയ്സ് ഫാന്റം സ്വന്തമാക്കി. എട്ടാം തലമുറ റോൾസ് റോയ്സ് ഫാന്റം 2018 ഫെബ്രുവരിയിലാണ് ഇന്ത്യൻ വിപണിയിലെത്തിയത്. സ്റ്റാൻഡേർഡ് വീൽ ബേസ്, എക്സ്റ്റൻഡഡ് വീൽബേസ് എന്നീ രണ്ട് വകഭേദങ്ങളിൽ റോൾസ് റോയ്സ് ഫാന്റം ലഭ്യമാണ്.
റിപ്പോർട്ട് പ്രകാരം രജിസ്ട്രേഷൻ നമ്പർ നൽകുന്ന വിവരങ്ങളനുസരിച്ച് സ്റ്റാൻഡേർഡ് വീൽ ബേസ് പതിപ്പാണ് അദാർ പൂനവാലയുടെ പുതിയ ഫാന്റം. ഈ പതിപ്പിന്റെ എക്സ്-ഷോറൂം വില 10 കോടിയാണ്. വാഹനത്തിന് കരുത്ത് പകരുന്നത് 6.75 ലിറ്റർ ട്വിൻ ടർബോ ചാർജ്ഡ് V12 എൻജിനാണ്. ഈ എൻജിൻ 563 ബിഎച്ച്പി പവറും 900 എൻഎം ടോർക്കും നിർമിക്കുന്നു. ZF 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
മണിക്കൂറിൽ 250 കിലോമീറ്ററായി പരമാവധി വേഗത പരിമിതപ്പെടുത്തിയിട്ടുണ്ട്. 100 കിലോമീറ്റർ വേഗം കൈവരിക്കാനാൻ കേവലം 5.3 സെക്കൻഡ് മതി എട്ടാം തലമുറ റോൾസ് റോയ്സ് ഫാന്റത്തിന്. എന്നാൽ, 2019ൽ തന്നെ മറ്റൊരു റോൾസ് റോയ്സ് ഫാന്റം പൂനവാല സ്വന്തമാക്കിയിരുന്നു. രണ്ട് ഏഴാം തലമുറ റോൾസ് റോയ്സ് ഫാന്റം കാറുകളും മുൻപ് അദാർ പൂനവാല വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഫെറാറി 360 സ്പൈഡർ, ഫെറാറി 488 പിസ്താ സ്പൈഡർ, ഫെറാറി 458 സ്പെഷ്യാലെ അപ്പെർട്ട എന്നിങ്ങനെ നിരവധി ഫെറാറി സൂപ്പർകാറുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ലംബോർഗിനി ഗയാർഡോ, ബെന്റ്ലി കോണ്ടിനെന്റൽ ഫ്ലൈയിംഗ് സ്പർ, മെഴ്സിഡസ് ബെൻസ് എസ്എൽഎസ് എഎംജി, ബിഎംഡബ്ല്യു 7 സീരീസ് 760 Li, മെഴ്സിഡസ് ബെൻസ് എസ് 600 എന്നിവയാണ് മറ്റുള്ള കാറുകൾ.






