ബിഎംഡബ്ള്യു ബ്രാൻഡിന് കീഴിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് കൾട്ട് വാഹന നിർമാതാക്കളായ മിനി ഇലക്ട്രിക്ക് കാർ വിപണിയിലേക്ക് ചുവടുവെയ്ക്കുന്നു. കൂപ്പർ SE ആണ് മിനിയുടെ ഇലക്ട്രിക്ക് കാർ. ഈ വാഹനം അധികം വൈകാതെ പുറത്തിറക്കുമെന്ന് വ്യക്തമാക്കി മിനി ഇന്ത്യ സമൂഹ മാധ്യമ പേജുകളിൽ ടീസർ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.
മിനി കൂപ്പർ SE ആഗോളതലത്തിൽ 2019-ലാണ് അരങ്ങേറിയത്. പേര് സൂചിപ്പിക്കുന്നത് പോലെ മിനി കൂപ്പർ മോഡലിനെ അടിസ്ഥാനമാക്കിയാണ് SE ഇലക്ട്രിക്ക് പതിപ്പും തയ്യാറാക്കിയിരിക്കുന്നത്. കൂപ്പർ SEയെ മറ്റുള്ള കൂപ്പർ മോഡലിൽ നിന്നും വ്യത്യസ്തമാക്കുന്നത് ക്രോം ഔട്ട്ലൈനിങ്ങുള്ള വെന്റുകളില്ലാതെ (ഇലക്ട്രിക്ക് എഞ്ചിനാണല്ലോ) ഗ്രിൽ ഭാഗമാണ് . ഈ ഗ്രില്ലിൽ സാധാരണ മോഡലുകളിൽ കാണുന്ന S അക്ഷരത്തിന് പകരം E (ഇലക്ട്രിക്ക്) ആണ് കൂപ്പർ SE പതിപ്പിൽ.
പെട്രോൾ ടാങ്കിന്റെ മൂടി തുറക്കുന്ന ഭാഗത്താണ് കാറിന്റെ ചാർജിങ് പ്ളഗ് നൽകിയിരിക്കുന്നത്. മിന്നാമിനുങ്ങിന്റെ നിറത്തോഡ് സാദൃശ്യമുള്ള മഞ്ഞ നിറത്തിൽ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ, പുതിയ അലോയ് വീൽ ഡിസൈൻ എന്നിവയാണ് മറ്റുള്ള പ്രത്യേകതകൾ. മിനി കാറുകളുടെ സവിശേഷതകളായ വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, ഓവൽ ഷെയ്പ്പിലുള്ള റിയർ വ്യൂ മിററുകൾ, യൂണിയൻ ജാക്ക് തീം ടെയിൽലൈറ്റുകൾ എന്നിവ കൂപ്പർ SE പതിപ്പിലും മാറ്റമില്ലാതെ തുടരുന്നു. ഇന്റീരിയറും സ്റ്റാൻഡേർഡ് കൂപ്പർ മോഡലിന് സമാനമാണ്. കൂപ്പർ SEയിലും വൃത്താകൃതിയിലുള്ള സെന്റർ കൺസോൾ അതേപടി ഉൾപ്പെടുത്തി.






