
കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ബോളിവുഡിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമ ആരാധകരുടെ മനസ്സു കവര്‍ന്ന അഭിനേതാവാണ് സവാസുദ്ദീന് സിദ്ദിഖി. അദ്ദേഹത്തിന്റെ അഭിനയം പോലെ കരുത്തുറ്റതാണ് ചില വാചകങ്ങളും. ഇപ്പോഴിതാ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെ ‘ആവശ്യമില്ലാത്ത ഷോകള്‍ക്കുള്ള മാലിന്യം തള്ളുന്ന ഇടം’ എന്നാണ് സിദ്ദിഖി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആമസോണ്‍ പ്രൈം, ഹോട്ട്സ്റ്റാര്‍, നെറ്റ്ഫ്ലിക്സ് എന്നിവയുള്‍പ്പടെയുള്ള സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തില്‍ നല്ല കുതിച്ചു ചാട്ടം വന്നിട്ടണ്ട്. അതിനെക്കുറിച്ചു സംസാരിച്ചപ്പോഴാണ് താരത്തിന്റെ പ്രതികരണം.
‘‘ആവശ്യമില്ലാത്ത ഷോകളുടെ മാലിന്യം തള്ളാനുള്ള ഇടമായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് മാറിയിരിക്കുന്നു. ഇപ്പോള്‍ ചവറുകൂനയാണ് ഒ.ടി.ടി മുന്‍നിരയില്‍ വരാന്‍ യാതൊരു അര്‍ഹതയുമില്ലാത്ത ഷോകളോ അല്ലെങ്കില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്ത ചില ഷോകളുടെ തുടര്‍ച്ചകള്‍. അതൊക്കെയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കൂടുതലായും ഉള്ളത്.’’ സ്ട്രീമിംഗ് മാര്‍ക്കറ്റിനായി നിര്‍മ്മിച്ച പ്രൊഡക്ഷനുകളിലെ ജോലി ഉപേക്ഷിക്കും എന്നാണ് സിദ്ദിഖി പറയുന്നത്. നെറ്റ്ഫ്ലിക്സിന്റെ ആദ്യ ഇന്ത്യന്‍ ഒറിജിനല്‍ പരമ്പരയായ സേക്രഡ് ഗെയിംസില്‍ സിദ്ദിഖി അഭിനയിച്ചിരുന്നു, അതിന് അന്താരാഷ്ട്ര അംഗീകാരവും കിട്ടിയിരുന്നു. നവാസുദ്ദീന്‍ സിദ്ദിഖിയുടെ നിരവധി ഒ.ടി.ടി സിനിമകളും സീരിസുകളും പിന്നീടും ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാലിപ്പോള്‍ അതില്‍ നിന്ന് വിട പറയുകയാണെന്ന് താരം അറിയിച്ചു. ഇതിനൊപ്പം സൂപ്പര്‍താരങ്ങള്‍ ബിഗ്സ്ക്രീനിനെ നശിപ്പിച്ചെന്നും, ഇപ്പോള്‍ ഒ.ടി.ടി യിലെ താരങ്ങള്‍ അതു തന്നെയാണ് ചെയ്യുന്നതെന്നും സിദ്ദിഖി പറയുന്നു. ബോളിവുഡിലെ പ്രധാന നിര്‍മ്മാതാക്കള്‍ ഒ.ടി.ടിയിലെ വമ്പന്മാരുമായി കരാറൊപ്പിടുന്നു, അങ്ങനെ അണ്‍ലിമിറ്റഡ് കണ്ടന്റ് ഉണ്ടാക്കാന്‍ നിര്‍മ്മാതാക്കള്‍ വന്‍ തുകകള്‍ കൊടുക്കുന്നു. ക്വാണ്ടിറ്റി ക്വാളിറ്റിയെ കൊല്ലുകയാണെന്നുമടക്കം ഒ.ടി.ടി യെക്കുറിച്ച് വിശദമായി താരം പ്രതികരിച്ചു.






