
മുംബൈ: കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയും എന്‍.സി.പി. നേതാവുമായ അനില്‍ ദേശ്മുഖ് അറസ്റ്റില്‍. മുംബൈയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഓഫീസില്‍ ഇന്നലെ 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണ ഏജന്‍സിയുടെ സമന്‍സ് റദ്ദാക്കണമെന്നും ജാമ്യം ആവശ്യപ്പെട്ടും ദേശ്മുഖ് സമര്‍പ്പിച്ച ഹര്‍ജി ഇന്നലെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു..
അഴിമതി ആരോപണത്തെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യമാണ് അനില്‍ ദേശ്മുഖ് രാജിവച്ചത്. വ്യവസായികളില്‍ നിന്ന് പ്രതിമാസം 100 കോടി രൂപ വീതം പിരിച്ചുനല്‍കാന്‍ അനില്‍ ദേശ്മുഖ് പോലീസിനെ ഉപയോഗിച്ചുവെന്ന് മുഖ്യമരന്തി ഉദ്ധവ് താക്കറെയ്ക്ക് മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ പരംവീര്‍ സിംഗ് നല്കിയ പരാതിയാണ് കേസിനാധാരം. മുകേഷ് അംബാനിയുടെ വീടിനു നേര്‍ക്കുണ്ടായ ബോംബ് ഭീഷണി അന്വേഷിക്കുന്നതിനിടെയാണ് പരംവീര്‍ സിംഗിന് സ്ഥാനചലനമുണ്ടായതും തൊട്ടുപിന്നാലെ ആഭ്യന്തരമന്ത്രിക്കെതിരെ ആരോപണവുമായി മുന്നോട്ടുവന്നതും.
എന്നാല്‍ തനിക്കെതിരായ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് അനില്‍ ദേശ്മുഖ് പറയുന്നു. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പരംവീര്‍ സിംഗ് എവിടെ? അദ്ദേഹത്തിന്റെ സ്വന്തം ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ തന്നെ വ്യവസായികളുടെ പരാതിയില്‍ അയാള്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. -അനില്‍ ദേശ് മുഖ് പറഞ്ഞു. ആരോപണവുമായി ബന്ധപ്പെട്ട ഞായറാഴ്ച സി.ബി.ഐയും ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി നല്കിയ നോട്ടീസുകളെല്ലാം അനില്‍ ദേശളമുഖ് നേരത്തെ തള്ളിയിരുന്നു. ഇതേതുടര്‍ന്ന് ഇ.ഡി ലുക്കൗട്ട് നോട്ടീസ് നല്‍കുകയായിരുന്നു. പണം തട്ടിപ്പ് അടക്കം നിരവധി കേസുകളാണ് അനില്‍ ദേശ്മുഖിനെതിരെ ചുമത്തിയിരിക്കുന്നത്.






