
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയില്‍ താരപുത്രന് ആര്യന് ഖാന്റെ അറസ്റ്റിനു പിന്നാലെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി)യെയും മുംബൈ സോണല്‍ ഓഫീസറായ സമീര്‍ വംഖെഡെയേയും സംശയ നിഴലിലാക്കിയ മഹാരാഷ്ട്ര മ്വന്ത്രി നവാബ് മാലിക്കിന് മറുപടി നല്കാന് എ.ന്.സി.ബി നീക്കം. ലഹസരി കേസില്‍ ജാമ്യത്തിലിറങ്ങിയ മാലിക്കിന്റെ മരുമകന് സമീര്‍ ഖാന് അടക്കമുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.ബി മേല്‍ക്കോടതിയെ സമീപിക്കും. കഴിഞ്ഞ മാസം അവസാനത്തോടെ എന്‍.സി.ബി ഇതിനുള്ള നീക്കം തുടങ്ങിയെന്നാണ് സൂചന.
ഒരു ലഹരി കേസില്‍ അറസ്റ്റിലായ പ്രതിക്ക് സമീര്‍ ഖാന് 20,000 രൂപ കെമാറിയെന്ന് തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും ജനുവരിയില്‍ അറസ്റ്റു ചെയ്തതും. 200 കിലോ ലഹരി മരുന്നു ഇടപാടിലാണ് അറസ്റ്റെന്നാണ് എന്‍.സി.ബി വാദം. എന്നാല്‍ സമീര്‍ ഖാന് നടത്തിയത് 'ഹെല്‍ബല്‍ പുകയില' ഇടപാടാണെന്നാണ് മാലിക്കിന്റെ വാദം. സെപ്തംബറില്‍ സമീര്‍ ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു.
ആര്യന് ഖാന്റെ അറസ്റ്റോടെയാണ് എന്‍.സി.ബിക്കെതിരെ നവാബ് മാലിക്ക് പരസ്യമായി രംഗത്തെത്തിയത്. ഷാരൂഖ് ഖാനെ കുരുക്കാന്‍ എന്‍.സി.ബി നടത്തിയ നീക്കമാണെന്നും മഹാരാഷ്ട്രയുടെയും ബോളിവുഡിന്റെയും പ്രതിഛായ ഇടിച്ചുതാഴ്ത്തുകയാണ് അന്വേഷണ ഏജന്‍സിയുടെ ലക്ഷ്യമെന്നും മാലിക്ക് ആരോപിച്ചു.
സമീര്‍ വാംഖെഡെയ്ക്കെതിരെ സാമ്പത്തിക ആരോപണത്തിനു പുറമേ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടി എന്നതടക്കമുള്ള ആരോപണങ്ങളും മാലിക്ക് ഉന്നയിച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ലഹരികേസ് അന്വേഷണം മുംബൈ സോണില്‍ നിന്നും ഡല്‍ഹി സോണിലേക്ക് മാറ്റുകയും ചെയ്തിരുന്നു.






