
ഭൂമിയുടെ അന്തരീക്ഷത്തിന്റെ അടിത്തട്ടിലെ മേഖലയായ ഭൂസ്പര്‍ശമണ്ഡലം അഥവാ ട്രോപോസ്ഫിയര്‍ ഈ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഭൗമോപരിതലത്തില്‍ നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് പുതിയ പഠനം പറയുന്നത്.
അന്തരീക്ഷ താപനില ക്രമേണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഭൗമാന്തരീക്ഷത്തിലും കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. അന്തരീക്ഷ താപനിലയിലുണ്ടായ വര്‍ധനവാണ് ഈ മാറ്റത്തിനുള്ള പ്രധാന കാരണമത്രെ
ദശാബ്ദത്തില്‍ 50 മുതല്‍ 60 മീറ്റര്‍ വരെ മുകളിലേക്ക് നീങ്ങിയിട്ടുണ്ട്. ഉത്തരാര്‍ധ ഗോളത്തില്‍ കാലാവസ്ഥാ ബലൂണുകള്‍ ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂസ്പര്ശമണ്ഡലത്തിന്റെ ഉയരം വ്യത്യസ്തമാണ്. ഉഷ്ണമേഖലകളില്‍ 20 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഭൂസ്പര്‍ശമണ്ഡലം സ്ഥിതിചെയ്യുന്നത്. എന്നാല്‍ ദ്രുവപ്രദേശത്ത് ഇത് 12 കിലോമീറ്ററില്‍ താഴെയായും സ്ഥിതി ചെയ്യുന്നു.
ഓരോ വര്‍ഷവും കാലാവസ്ഥയ്ക്കനുസരിച്ച് ഭൂസ്പര്‍ശമേഖലയുടെ മുകളിലെ അതിര്‍ത്തിയായ ട്രോപോപോസ് സ്വാഭാവികമായും ഉയരുകയും താഴുകയും ചെയ്യാറുണ്ട്. ചൂട് കൂടുമ്പോള്‍ വായു വികസിക്കുകയും തണുപ്പ് കാലത്ത് വായു ചുരുങ്ങുകയും ചെയ്യുന്നതിനാലാണിത്.
എന്നാല്‍ ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ കൂടുതല്‍ ചൂട് പിടിച്ച് നിര്‍ത്തുകയും ഇതുവഴി ഭൂസ്പര്‍ശമണ്ഡലം പതിവില്‍ കവിഞ്ഞ് ഉയരുകയും ചെയ്യുന്നു.
ഈ മാറ്റം കാലാവസ്ഥയെ വലിയ രീതിയില്‍ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്നും ഗവേഷകര്‍ പറയുന്നു.






