
തിരുവനന്തപുരം: പ്രേക്ഷകരുടെ ആശങ്കകള്‍ക്കു വിരാമമിട്ട് മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍' തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും. ചിത്രം ഡിസംബര്‍ രണ്ടിന് തിയേറ്ററുകളിലെത്തും. മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. തിയേറ്റര്‍ ഉടമകളില്‍ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വേണ്ടെന്നു വച്ചെന്നും ഉപാധികളില്ലാതെയാകും ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. സിനിമാ പ്രവര്‍ത്തകരും മന്ത്രിയുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് റിലീസിംഗ് തീയതി മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ മന്ത്രി പ്രഖ്യാപിച്ചത്.
തിയേറ്റര്‍ റിലീസിനു ശേഷമാകും ചിത്രം ഒ.ടി.ടിയില്‍ പുറത്തിറങ്ങുക. സാധാരണ തിയേറ്റര്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിനു ശേഷമാണ് ഒ.ടി.ടിക്കു നല്‍കുന്നത്. എന്നാല്‍ മരക്കാറുമായുള്ള പ്രൈമിന്റെ കരാര്‍ എങ്ങനെയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.






