
വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള മനസ്സില്‍ ചേക്കേറിയ നടനാണ് ഭീമന് രഘു. പിന്നീടിങ്ങോട്ട് തമാശയും തനിക്ക് വഴങ്ങുമെന്ന് ഭീമന് രഘു തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംവിധായകന്റെ മേലങ്കിയണിയാനൊരുങ്ങുകയാണ് നടന്. ‘ചാണ’ എന്ന സിനിമയാണ് ഭീമന് രഘുവിന്റെ സംവിധാനത്തില്‍ പിറക്കുന്ന ആദ്യ ചിത്രം. അജി അയിലറയ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നതും ഭീമന് രഘു തന്നെയാണ്. കവിയൂര്‍ പൊന്നമ്മ, ജനാര്ദ്ദനന്, അജു വര്‍ഗ്ഗീസ് തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്. സുരേഷ് കായംകുളം, തടിയൂര്‍ കലേഷ് കുമാര്‍ എന്നിവര്‍ എസ്എംആര്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നടന് ജയനുമായി രൂപസാദൃശ്യമുള്ള താരം എന്ന നിലയിലാണ് ഭീമന് രഘു വെള്ളിത്തിരയിലെത്തിയത്. രഘു ദാമോദരനെന്ന ഭീമൻ രഘു പൊലീസ് ഇൻസ്പെക്ടറായിരുന്നു. ഭീമൻ എന്ന ചിത്രത്തിലൂടെയായിരുന്നു രഘുവിന്റെ അരങ്ങേറ്റം. ആദ്യമായി നായകനായ ചിത്രത്തിന്റെ പേര് തന്റെ പേരിനൊപ്പം ചേര്‍ത്താണ് രഘു, ഭീമന്‍രഘുവായത്. ഒരുകാലത്ത് മോഹൻലാല്‍ അടക്കമുള്ള നായക കഥാപാത്രങ്ങളുടെ വില്ലനായി മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്നു ഭീമൻ രഘു. ‘ബെൻ ജോണ്‍സണി’ല്‍ ഭീമൻ രഘുവായിട്ട് അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ കുറഞ്ഞപ്പോള്‍ തമാശവേഷങ്ങളിലേക്കും ഭീമന് രഘു മാറിയിരുന്നു.






