
26 ലക്ഷം തട്ടിയെടുത്തെന്നാരോപിച്ച് രണ്ട് വ്യവസായികള്‍ക്കെതിരെ തമിഴ് നടി സ്നേഹ പോലീസില്‍ പരാതി നല്കി. എക്സ്പോര്‍ട്ട് കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്കി ഇവര്‍ കബളിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. നിക്ഷേപിച്ച ഇരുപത്തിയാറ് ലക്ഷം രൂപയില്‍ നിന്ന് വരുമാനം ലഭിക്കാത്തതിനാല്‍ പണമോ പലിശയോ തിരികെ ചോദിച്ചതായും സ്നേഹ പറഞ്ഞു. ബിസിനസുകാര്‍ പണം നല്കാന് വിസമ്മതിക്കുക മാത്രമല്ല, നടിെയ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചെന്നൈ കാനാതൂര്‍ പോലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്. സ്നേഹയുടെ പരാതി സ്വീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലയാള സിനിമയിലൂടെ അഭിനയത്തില്‍ തുടക്കംക്കുറിച്ച സ്നേഹ തമിഴിലാണ് നായിക എന്ന നിലയില്‍ ശ്രദ്ധ നേടിയത്. കമല്‍ ഹാസന്, അജിത്ത്, വിജയ്, സൂര്യ തുടങ്ങിയവര്‍ക്കൊപ്പം സ്ക്രീന്‍ പങ്കിട്ടതിലൂടെ തമിഴകത്തിന്റെ മുന്‍നിര നായികയായി. ശിക്കാര്‍, തുറുപ്പുഗുലാന്‍, എന്നീ ചിത്രങ്ങളിലൂടെ ഇടയ്ക്ക് മലയാളത്തിലും വന്നതോടെ മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായ സ്നേഹ, പ്രസന്നയെ വിവാഹം ചെയ്തതിനു ശേഷം ഇന്‍ഡസ്ട്രിയില്‍ നിന്നും ചെറിയ ബ്രേക്ക് എടുത്തു.
ഇപ്പോള്‍ താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ധനുഷ് നായകനായ പട്ടാസ് എന്ന ചിത്രമാണ് സ്നേഹയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. കുട്ടികള്‍ക്ക് വേണ്ടി ഒരുക്കുന്ന ഷൂട്ട് ബൂട്ട് ത്രി എന്ന ചിത്രത്തിലാണ് നിലവില്‍ സ്നേഹ അഭിനയിക്കുന്നത്. വെങ്കട് പ്രഭുവിന്റെ ജോഡിയായിട്ടാണ് സ്നേഹ ചിത്രത്തില്‍ എത്തുന്നത്.






