
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കണമെങ്കില്‍ ജോക്കോവിച്ച് അടക്കമുളള ടെന്നീസ് താരങ്ങള്‍ കോവിഡ് വാക്സീന് സ്വീകരിക്കണമെന്നു ടൂര്‍ണമെന്റ് ഡയറക്ടര്‍ ക്രെയ്ഗ് ടൈലി. മെല്‍ബണില്‍ ജോക്കോവിച്ച് കളിക്കുന്നതു കാണാന്‍ ആഗ്രഹമുണ്ടെന്നും അതിനായി വാക്സീന് സ്വീകരിക്കണമെന്നു ടൈലി വ്യക്തമാക്കി.
എന്നാല്‍ ജോക്കോവിച്ച് വാക്സിനേഷന് സ്വീകരിച്ചതായിയുളള കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഓപ്പണില്‍ കളിക്കണോയെന്നു ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട ആരോഗ്യ ചട്ടങ്ങള്‍ ടെന്നീസ് ഓസ്ട്രേലിയ പുറത്തുവിടുന്നതു വരെ കാത്തിരിക്കാമെന്നു ജോക്കോവിച്ച് പറഞ്ഞു.
ടെന്നീസ് ഓസ്ട്രേലിയയും വിക്ടോറിയ സംസ്ഥാന സര്‍ക്കാരും തമ്മില്‍ മാസങ്ങളോളം നടന്ന ചര്‍ച്ചയ്ക്കു ശേഷമാണ് ടൂര്‍ണമെന്റിനു മെല്‍ബണ്‍ പാര്‍ക്കില്‍ എത്തുന്ന എല്ലാവരും തന്നെ കോവിഡ് വാക്സിന് സ്വീകരിച്ചിരിക്കണമെന്നു ചട്ടം വന്നത്. എന്നാല്‍ വാക്സിന് സ്വീകരിക്കാത്തവര്ക്കു യാതൊരുവിധ ഇളവുകള്‍ നല്കിലെന്നു വിക്ടോറിയ പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് പറഞ്ഞു.






