
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനെതിരെ വിമര്‍ശനവുമായി എഴുത്തുകാരന് ബെന്യാമിന്. 'നാണംകെട്ട ന്യായം പറയാതെ രാജിവെച്ച് ഇറങ്ങി പോകണം മിസ്റ്റര്‍ ഷിജു ഖാന്' എന്നാണ് ബെന്യാമിന് ഫേസ്ബുക്കില്‍ കുറിച്ചത്. കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിയ്ക്കും സിഡബ്ലുസിയ്ക്കും വീഴ്ച സംഭവിച്ചെന്ന വകുപ്പ് തല റിപ്പോര്‍ട്ടിന് പിന്നാലെയാണ് ബെന്യാമിന്റെ വിമര്‍ശനം.
ദത്ത് സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സില്ലെന്ന് വിഷയത്തില്‍ മാത്രമാണ് ഷിജു ഖാന് പ്രതികരിച്ചിരുന്നത്. അനുപമയും അജിത്തും കുഞ്ഞിനെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതിയെ സമീപിച്ചിട്ടും നടപടിയെടുത്തില്ല. അവകാശവാദം ഉന്നയിച്ച് അമ്മ രംഗത്തെത്തിയിട്ടും സ്ഥിരം ദത്തിന് നടപടി ഊര്‍ജിതമാക്കിയെന്നും വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.






