
നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സത്യന് അന്തിക്കാട്- ജയറാം കോമ്പിനേഷന്‍ വീണ്ടുമെത്തുന്നു എന്ന സന്തോഷം എല്ലാ ആരാധകര്‍ക്കുമുണ്ട്. ഇപ്പോഴിതാ ആ സന്തോഷം നേരിട്ടറിയിക്കാന്‍ ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാം ഷൂട്ടിംഗ് കാണാന്‍ സെറ്റിലെത്തിയിരിക്കുന്നു. ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കിട്ടതും കാളിദാസാണ്. ഇഷ്ടജോഡികളുടെ സെറ്റിലെത്തിയത് ടൈം ട്രാവല്‍ ചെയ്തു കൊച്ചു കൊച്ചു സന്തോഷങ്ങളിലെത്തിയതു പോലെയെന്നാണ് കാളിദാസ് കുറിച്ചത്.
‘‘ Wow, കൊച്ചു കൊച്ചു സന്തോഷങ്ങളിലെ സമയത്തിലേക്ക് ടൈം ട്രാവല്‍ ചെയ്തു വന്നതുപോലെയാണ് ശരിക്കു തോന്നുന്നത്. ജോലിസ്ഥലത്തെത്തി ഈ മാസ്റ്റര്‍ ഫിലിം മേക്കറിനെ കണ്ടുകൊണ്ടിരിക്കുന്നതുതന്നെ എപ്പോഴും സന്തോഷം തരുന്നതാണ്. പ്രത്യേകിച്ച് എന്റെ ഏറ്റവും പ്രിയപ്പെട്ട നടന് മിസ്റ്റര്‍ ജയറാമിനൊപ്പം. വീട്ടിലേക്ക് തിരിച്ചെത്തിയതുപോലെ തോന്നുന്നു. വ്യക്തിപരമായി ഇവരുടെ കോമ്പോയുടെ വലിയ ഫാനാണ് ഞാന്‍. ഈ സിനിമയും നിങ്ങളെ നിരാശരാക്കില്ലെന്ന് എനിക്കു ഉറപ്പുണ്ട്. തിയറ്ററില്‍ കാണാനായി കാത്തിരിക്കുന്നു.’’ഇവര്‍ക്കൊപ്പം നില്ക്കുന്ന ചിത്രത്തിനൊപ്പം കാളിദാസ് ജയറാം കുറിച്ചത് ഇങ്ങനെയാണ്.
ജയറാമിനും സത്യന് അന്തിക്കാടിനും അനൂപ് സത്യനും ഛായാഗ്രാഹകന്‍ എസ് കുമാറും ഒന്നിച്ചുള്ള ചിത്രമാണ് കാളിദാസ് പങ്കുവച്ചത്. ഇവര്‍ ഒരുമിച്ചുള്ള ചിത്രം കണ്ടിട്ട് താഴെ കമന്റുമായി നടി പൂര്‍ണിമ ഭാഗ്യരാജും എത്തി. സത്യനോടും കുമാര്‍ സാറിനോടും ഹായ് പറയണം എന്നായിരുന്നു പൂര്‍ണിമയുടെ കമന്റ്. കാളിദാസിന്റെ പോസ്റ്റ് ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.






