
കോഴിക്കോട്: കോവിഡ് ഭീതിക്കിടെ ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എത്തിയ യുവതിക്ക് സിക വൈറസ്. 29കാരിയായ ചേവായൂർ സ്വദേശിനിക്കാണ് സിക സ്ഥിരീകരിച്ചിരിക്കുന്നത്. യുവതി ആശുപത്രി വിട്ടു.
ബംഗളൂരുവിൽ നിന്ന് നവംബർ 17നാണ് ഇവർ കേരളത്തിൽ എത്തിയത്. വയറുവേദന ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പരിശോധനയിൽ വൈറസ് സാന്നിധ്യം സംശയിച്ചതോടെ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചപ്പോൾ സിക ബാധ സ്ഥിരീകരിക്കുകയായിരുന്നു.
കൊതുകുകളിലൂടെ പകരുന്ന ഫ്ളാവിവൈറസാണ് സിക വൈറസ്.
പനി, ശരീരത്തിൽ ചുവന്ന പാടുകൾ, കണ്ണിന് ചുവന്ന നിറം, സന്ധി വേദന, പേശി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.






