
‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകന് ആല്‍ബി ഫ്രാന്‍സിസും അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി അപ്സര രത്നാകരനും വിവാഹിതരായി. രണ്ടു വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങ് നവംബര്‍ 29 ന് ചോറ്റാനിക്കരയില്‍ വച്ചായിരുന്നു. രണ്ടു വര്‍ഷത്തെ പ്രണയസാഫല്യം, അതാണ് നടി അപ്സരയുടെയും സംവിധായകന് ആല്‍ബിയുടെയും മുഖത്ത് തെളിഞ്ഞ് കണ്ടത്. കസവ് സാരിയും കസ്റ്റമെയ്സ്ഡ് ബ്ലൗസും ധരിച്ചെത്തിയ അപ്സരയും മുണ്ടും ഗോള്‍ഡന്‍ നിറത്തിലുള്ള ജുബ്ബയും ധരിച്ച ആല്‍ബിയും ഒരുമിച്ചുള്ള വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ‘ഞങ്ങളുടെ വിവാഹമാണ് ഇന്ന്’ എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ ആല്‍ബി ആരാധകരെ അറിയിച്ചിരുന്നു.
‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിലൂടെയാണ് ആല്‍ബിയും അപ്സരയും അടുക്കുന്നത്. ഈ സീരിയലിലെ അഭിനയത്തിന് അപ്സരയ്ക്ക് മികച്ച സീരിയല്‍ നടിക്കുള്ള സംസ്ഥാന അവാര്‍ഡും കിട്ടിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ അപ്സര കഴിഞ്ഞ എട്ടു വര്‍ഷമായി സീരിയല്‍ രംഗത്തുണ്ട്. 22 ലധികം സീരിയലുകളില്‍ അഭിനയിച്ച താരം ഇപ്പോള്‍ ‘സാന്ത്വനം’ സീരിയലിലെ ജയന്തിയായി പ്രേക്ഷകമനസ്സ് കീഴടക്കുകയാണ്.
തൃശൂര്‍ സ്വദേശിയായ ആല്‍ബി പത്തു വര്‍ഷമായി ടെലിവിഷന്‍ രംഗത്ത് സജീവമാണ്. നിരവധി ഷോകളുടെ സംവിധായകനായ ആല്‍ബി നല്ലൊരു അവതാരകന് കൂടിയാണ്.






