
‘ദൃശ്യം 2’ കന്നഡ റീമേക്കില്‍ അഭിനയിക്കുന്ന നടി നവ്യ നായര്‍ ലൊക്കേഷനിലെ രസകരമായ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. കന്നഡ സംഭാഷണങ്ങള്‍ പഠിക്കുന്ന നവ്യയെയാണ് വീഡിയോയില്‍ കാണുന്നത്. ‘‘ലേലു അല്ലു, ലേലു അല്ലു, ലേലു അല്ലു എന്നെ അഴിച്ചുവിട് ..ദൃശ്യം ലൊക്കേഷനിൽ എന്റെ അവസ്ഥ’’, ഇങ്ങനെ ക്യാപ്ഷന്‍ നല്‍കിയാണ് നവ്യ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെയേറെ പ്രയാസപ്പെട്ടാണ് നവ്യ കന്നഡ ഡയലോഗ് പഠിക്കുന്നതെന്ന് വിഡിയോ കാണുമ്പോൾ വ്യക്തമാകും.
‘ദൃശ്യ’ത്തിന്റെ ഒന്നാം ഭാഗം കന്നഡയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ മലയാളത്തില്‍ മീന അവതരിപ്പിച്ച ‘റാണി’ എന്ന കഥാപാത്രത്തെ കന്നഡത്തില്‍ ‘സീത’യായി അവതരിപ്പിച്ചത് നവ്യയാണ്. അതേ കഥാപാത്രത്തെ തന്നെയാണ് ‘ദൃശ്യം 2’ വിലും നവ്യ അവതരിപ്പിക്കുന്നത്. മലയാളത്തിൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം കന്നഡയിൽ സംവിധാനം ചെയുന്നത് പി. വാസുവാണ്. മോഹൻലാലിന്റെ ജോർജ്കുട്ടി എന്ന കഥാപാത്രത്തെ ‘രാജേന്ദ്ര പൊന്നപ്പ’ യായി കന്നഡത്തില്‍ അഭിനയിക്കുന്നത് നടനായ രവിചന്ദ്രനാണ്. സിനിമയിൽ ആശ ശരത്ത് മലയാളത്തിലെ അതേ റോളിൽ എത്തുന്നുണ്ട്. സിദ്ദിഖിന്റെ കഥാപാത്രത്തെ പ്രഭുവാണ് അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബർ 10ന് റിലീസ് ചെയ്യും. വിവാഹശേഷം നവ്യ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.2010ൽ വിവാഹിതയായ ശേഷം 2012ൽ ‘സീൻ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലും ‘ദൃശ്യ’ യുടെ ആദ്യ ഭാഗത്തിലും മാത്രമാണ് നവ്യ അഭിനയിച്ചത്. ‘ദൃശ്യ’ ക്ക് പുറമെ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ.






