
അഭിനേതാക്കളും നര്‍ത്തകരുമായ സൗഭാഗ്യ- അര്ജുന് സോമശേഖരന്‍ ദമ്പതിമാര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ച സന്തോഷവാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത് അവര്‍ തന്നെയാണ്. ടിക്ടോകിലൂടെ പ്രേക്ഷകഹൃദയം കവര്‍ന്ന സൗഭാഗ്യ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കിടാറുണ്ട്. ഗര്‍ഭകാലവും, ആ സമയത്തുള്ള നൃത്തവുമൊക്കെ സൗഭാഗ്യ പോസ്റ്റ് ചെയ്തത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. കുഞ്ഞിന് പേരിട്ടതും കുഞ്ഞിനൊപ്പമുള്ള അച്ഛന്റെയും അമ്മൂമ്മ താരാ കല്യാണിന്റെയും വീഡിയോയും സൗഭാഗ്യ പിന്നീട് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സൗഭാഗ്യയും അമ്മ താരാ കല്യാണും അവരുടെ അമ്മ സുബ്ബലക്ഷ്മിയും കുഞ്ഞാവയുമൊന്നിച്ചുള്ള ഒരു മനോഹരമായ ചിത്രമാണ് സൗഭാഗ്യ പങ്കുവച്ചത്. നാല് തലമുറ ഒന്നിച്ചു ചേരുന്ന ആ അപൂർവ്വചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘ഇത് അമൂല്യമായ ചിത്രമല്ലേ? ഒരു മുത്തച്ഛന്റെ സ്നേഹം അനുഭവിക്കാൻ എന്റെ കുഞ്ഞിന് ഭാഗ്യമില്ല. ഏകദേശം 4 വർഷം മുമ്പ് എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടു, എന്റെ ഭർത്താവിന് ഈ വർഷം പപ്പയെ നഷ്ടപ്പെട്ടു. ദൈവം എല്ലായ്പ്പോഴും എല്ലാ സൗഭാഗ്യങ്ങളും തരണമെന്നില്ല, പക്ഷേ അവൾക്ക് സ്നേഹമുള്ള രണ്ട് മുത്തശ്ശിമാരെയും ഒരു മുതുമുത്തശ്ശിയെയും നൽകി’ എന്ന ഹൃദ്യമായ കുറിപ്പിനൊപ്പമാണ് സൗഭാഗ്യ ഈ ചിത്രം പോസ്റ്റ് ചെയ്തത്.
കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും സൗഭാഗ്യ പങ്കുവയ്ക്കുന്നുണ്ട്. ഇന്ന് രാവിലെ അര്‍ജുനും കുഞ്ഞും കമിഴ്ന്നു കിടക്കുന്ന ചിത്രങ്ങള്‍ക്ക് ‘‘എനിക്കിപ്പോള്‍ അസൂയ തോന്നുന്നു’’ എന്ന ക്യാപ്ഷനുമിട്ട് സൗഭാഗ്യ പങ്കുവച്ചിട്ടുണ്ട്.
അർജുനും കുഞ്ഞിനുമൊപ്പമുള്ള ഒരു കുഞ്ഞു വിഡിയോയും സൗഭാഗ്യ തന്റെ ഇൻസ്റ്റഗ്രാം പേജിൽ മുന്‍പ് പങ്കുവച്ചിരുന്നു. സൗഭാഗ്യയുടെ കൈയിലിരിക്കുന്ന കുഞ്ഞിനെ അര്‍ജുനും സൗഭാഗ്യയും ചേര്‍ന്ന് താലോലിക്കുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
അർജുനും സൗഭാഗ്യയുടെ അമ്മയും നടിയുമായ താര കല്യാണുമാണ് സൗഭാഗ്യയ്ക്ക് കുഞ്ഞുണ്ടായ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. ഒപ്പം കുഞ്ഞിനെ എടുത്തു കൊണ്ട് നില്ക്കുന്ന അര്‍ജുന്റെ ചിത്രങ്ങളുമുണ്ടായിരുന്നു. ആരാധകരും സുഹൃത്തുക്കളുമൊക്കെ ഈ സന്തോഷ വാര്‍ത്തയ്ക്ക് മനസ്സു നിറയ്ക്കുന്ന കമന്റുകളും കൊടുത്തിരുന്നു.






