
വൈപ്പിൻ: ദുരൂഹ സാഹചര്യത്തിൽ
അമ്മയൊടൊപ്പം വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ മകനും ആശുപത്രിയിൽ മരിച്ചു. നായരമ്പലം ഭഗവതി ക്ഷേത്രത്തിനു കിഴക്ക് തെറ്റയിൽ പരേതനായ സാജുവിന്റെ മകൻ അതുൽ (17) ആണ് മരിച്ചത്.
രാത്രിയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അതുലിന്റെ അമ്മ സിന്ധു (42) ഇന്നലെ മരിച്ചിരുന്നു.
സംഭവത്തിൽ കസ്റ്റഡിയിലുള്ള യുവാവിനെ പൊലീസ് ചോദ്യം ചെയ്യും.
ഇന്നലെ പുലർച്ചെയാണ് സംഭവം. വീടിനുള്ളിൽ നിന്നും പുക ഉയരുന്നതു കണ്ട് എത്തിയ സമീപവാസികളും ബന്ധുക്കളും ചേർന്ന് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നാണ് ഇരുവരെയും ആശുപത്രിയിലേക്കു മാറ്റിയത്.
രക്ഷാപ്രവർത്തനത്തിനിടെ സംഭവത്തിനു പിന്നിൽ ആരാണെന്ന് ബന്ധുക്കൾ ചോദിക്കുമ്പോൾ വീട്ടമ്മ ഒരു യുവാവിന്റെ പേരു പറയുന്ന ശബ്ദരേഖ പ്രചരിച്ചിട്ടുണ്ട്. ബന്ധുക്കൾ ഇത് പൊലീസിൽ ഹാജരാക്കുകയും ചെയ്തു.
ശല്യം ചെയ്യുന്നുവെന്നാരോപിച്ച് ഈ യുവാവിനെതിരെ വീട്ടമ്മ പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.






