
കോഴിക്കോട്: പോലീസ് യൂണിഫോമില്‍ വനിത എസ്ഐ നടത്തിയ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് വിവാദമാകുന്നു. കോഴിക്കോട് സിറ്റി പരിധിയിലെ പോലീസ് സ്റ്റേഷനിലെ വനിതാ പ്രിന്‍സിപ്പല്‍ എസ്.ഐ ഔദ്യോഗിക യൂണിഫോമിട്ട് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. തോളിലെ നക്ഷത്രങ്ങളും പേരുള്‍പ്പെടെ നെയിം പ്ലേറ്റും എസ്ഐയായിരിക്കെ ലഭിച്ച മെഡലും ധരിച്ച ഔദ്യോഗിക ഔദ്യോഗിക യൂണിഫോമിട്ടാണ് ഇത്തരത്തിൽ ഫോട്ടോഷൂട്ട് നടത്തിയത്.
പോലീസ് സേനാംഗങ്ങള്‍ അവരുടെ വ്യക്തിപരമായ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ ഔദ്യോഗിക യൂണിഫോമിട്ട് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് 2015-ല്‍ തന്നെ ഡി.ജി.പിയുടെ ഉത്തരവുണ്ട്. ഇതിൽ സേനാംഗങ്ങള്‍ വ്യക്തിപരമായ സമൂഹ മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് അന്ന് നിര്‍ദേശിച്ചത്. ഈ ഉത്തരവാണ് വനിതാ എസ്ഐ ലംഘിച്ചത്. ഇത് ഡി.ജി.പിയുടെ ഉത്തരവ് ലംഘിക്കുന്നതാണെന്നും യൂണിഫോമിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണെന്നുമാണ് സേനാംഗങ്ങള്ക്കുള്ളിലെ വിമര്‍ശനം.






