
‘മരക്കാര്‍’ സിനിമയിലെ കപ്പൽ ഉണ്ടാക്കുന്നതിന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. പ്രൊഡക്ഷന്‍ ഡിസൈനറായ സാബു സിറിലിന്റെ നേതൃത്വത്തിലുള്ള ടീം 60 അടി ഉയരവും 100 അടി നീളവുമുള്ള മൂന്ന് വമ്പന്‍ കപ്പലുകളാണ് ചിത്രത്തിനു വേണ്ടി നിർമിച്ചത്. ഒന്നര ഏക്കറോളം വിസ്തൃതിയുള്ള ഒരു ടാങ്ക് നിർമിച്ച് അതിൽ വെളളം നിറച്ചാണ് കടലും തിരയും കൊടുങ്കാറ്റുമെല്ലാം സിനിമയ്ക്കായി സൃഷ്ടിച്ചെടുത്തത്.
20 അടി ഉയരമുള്ള ടാങ്കുകളിൽ വെള്ളം നിറച്ച് ഒരുമിച്ചു തുറന്നുവിട്ട് തിരയുണ്ടാക്കുകയും മീൻപിടിത്തക്കാർ ഉപയോഗിക്കുന്ന യമഹ എൻജിനുകൾ ഒരുമിച്ചു പ്രവർത്തിപ്പിച്ച് തിരയ്ക്കു ശക്തി കൂട്ടുകയും ചെയ്തു. മണ്ണുമാന്തി യന്ത്രത്തിന്റെ കൈകളിൽ ഡ്രമ്മുകൾ കെട്ടിവച്ച് ആഞ്ഞടിച്ചു തിരയുടെ ഇളക്കമുണ്ടാക്കി.
കടലിലെ വെളുത്ത പതയുണ്ടാക്കാന് ടൺ കണക്കിനു സോപ്പുപൊടിയുപയോഗിച്ചു. അങ്ങനെ നീളുന്നു പിന്നമ്പുറക്കാഴ്ചകള്. നൂറുകണക്കിനു പേരുടെ അധ്വാനത്തിന്റെ ഫലമായിരുന്നു കപ്പലിലെ ആ യുദ്ധരംഗങ്ങള്‍ എന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.






