
ബോളിവുഡ് താരം ജാക്വലിന് ഫെര്‍ണാണ്ടസിനെതിരായ കളളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് തയാറാക്കിയ കുറ്റപത്രത്തില്‍ സുകേഷ് ചന്ദ്രശേഖര്‍ എന്ന തട്ടിപ്പുകാരന് നടിയെ കബിളിപ്പിച്ചുവെന്ന് എന്ന്ഫാഴ്സ്മെന്റ് ഡയറക്ടറേറ്റ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഓഫീസില്‍ നിന്നെന്ന വ്യാജേന ഫോണ്‍ ചെയ്ത് വിശ്വസിപ്പിച്ചാണ് നടിയെ കബിളിപ്പിച്ചത്. ഇതുവഴി തട്ടിപ്പുകാരന് നടിയുമായി പരിചയം സ്ഥാപിച്ചെടുക്കുകയായിരുന്നു. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇഡി പുറത്തുവിട്ടിട്ടില്ല.
പൊതുമധ്യത്തില്‍ സ്വാധീനമുളള വ്യക്തികളെ കബിളിപ്പിക്കുന്നതിനായി തട്ടിപ്പുകാര്‍ സാധാരണയായി പ്രയോഗിക്കുന്ന മാര്‍ഗമാണ് മൊബൈല്‍ നമ്പര്‍ സ്പൂഫിങ്. കോളര്‍ ഐഡി വിവരങ്ങളില്‍ കൃത്രിമം കാണിച്ച് ഒരു പ്രത്യേക വ്യക്തിയില്‍ നിന്നോ സ്ഥലത്ത് നിന്നോ ഉളള ഫോണ്‍കോള്‍ ആക്കി മാറ്റുന്ന രീതിയാണ് മൊബൈല്‍ നമ്പര്‍ സ്പൂഫിങ്. വ്യാജ നമ്പരില്‍ കബളിപ്പിക്കുന്ന രീതി. ആഗോളതലത്തില്‍ തന്നെ കുറ്റവാളികള്‍ തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെക്കുന്നതിനായി ഇത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്.
കുറ്റകൃത്യങ്ങള്‍ക്ക് മാത്രമല്ല, ആളുകളെ കളിയാക്കി കബിളിപ്പിക്കാനും ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഒരു പോലീസ് സ്റ്റേഷനില്‍ നിന്നോ ഭരണാധികാരകളുടെ ഓഫീസില്‍ നിന്നോ ആണെന്ന വ്യാജേന ഒരാളെ വിളിച്ച് വിശ്വസിപ്പിക്കാന്‍ തട്ടിപ്പുകാരന് സാധിച്ചാല്‍ സുപ്രധാനമായ പല വിവരങ്ങളും അവരില്‍ നിന്ന് ചോര്‍ത്തിയെടുക്കാന്‍ സാധിക്കും.
പലപ്പോഴും ഇത്തരം ഫോണ്‍വിളികള്‍ നമ്പറുകള്‍ +91 ല്‍ ആയിരിക്കില്ല തുടങ്ങുക. എന്നാല്‍ യഥാര്‍ത്ഥ നമ്പറുമായി സാമ്യത പുലര്‍ത്തുന്നവയായിരിക്കും അത്. ടെലിമാര്‍ക്കറ്റിങ് കോളുകള്‍ പലതും ഈ രീതിയില്‍ വരുന്നതാണ്.
അപരിചിതമായ നമ്പറുകളില്‍ നിന്നുളള ഫോണ്‍ വിളികള്‍ അവഗണിക്കുക. അങ്ങനെ വരുന്ന കോളുകള്‍ എടുത്തെങ്കില്‍ തന്നെ കൂടുതല്‍ വിവരങ്ങളൊന്നും ഫോണിലൂടെ തുറന്നുപറയാതിരിക്കുക. കോളിനിടയില്‍ എന്തെങ്കിലും നമ്പര്‍ അമര്‍ത്താന്‍ പറഞ്ഞാല്‍ അത് ചെയ്യാതിരിക്കുക.






