
ചെന്നൈ: അനുജത്തിയുടെ വിവാഹത്തിന് മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ബന്ധുക്കൾ കുറ്റപ്പെടുത്തിയതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി. വിവരമറിഞ്ഞ് മനോവിഷമത്തിൽ 21-കാരിയായ ഭാര്യയും ജീവനൊടുക്കി. ഇതോടെ ദമ്പതിമാരുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് മാതാപിതാക്കളില്ലാതായി.
മധുര അവണിയാപുരത്താണ് സംഭവം.
ശിവഗംഗ സ്വദേശിയായ പ്രസാദ് (23), ഭാര്യ മുത്തുമാരി (21) എന്നിവരാണ് മരിച്ചത്.
ഒന്നരവർഷം മുമ്പായിരുന്നു ഇവരുടെ പ്രണയവിവാഹം. തുടർന്ന് അവണിയാപുരത്ത് വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞയിടെ ശിവഗംഗയിലെ സ്വന്തം വീട്ടിലേക്കുപോയ പ്രസാദ് ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകൾ കാരണം മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.
സംഭവത്തെത്തുടർന്ന് മുത്തുമാരിയെയും കുഞ്ഞിനെയും മുത്തുമാരിയുടെ വീട്ടുകാർ കൂട്ടിക്കൊണ്ടുപോയി.
ഭർത്താവിന്റെ മരണത്തിൽ യുവതി കടുത്ത മനോവിഷമത്തിലായിരുന്നു. കഴിഞ്ഞദിവസം പ്രസാദിന്റെ ഷർട്ട് ധരിച്ച് പോക്കറ്റിൽ ഫോട്ടോയുംവെച്ച് മുത്തുമാരിയും തൂങ്ങിമരിക്കുകയായിരുന്നു.






