
കോഴിക്കോട്: പൊയില്‍ക്കാവ് ബസാറിലെ ടെക്സ്റ്റൈല്‍ ഷോപ്പ് പൂട്ടി വീട്ടിലേക്ക് നടന്നു വരുന്നതിനിടെ വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ഓട്ടോ ഇടിച്ച് ആശുപത്രിയില്‍ ചികിത്സയില്‍. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. തലക്ക് പരുക്കേറ്റ ബിന്ദു അമ്മിണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല യുവതീപ്രവേശനത്തിലൂടെ ശ്രദ്ധേയയായ ബിന്ദു അമ്മിണി ഇത് തന്നെ അപായപ്പെടുത്താന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമമാണെന്നാണ് ആരോപിക്കുന്നത്. പോലീസ് കേസെടുത്തിട്ടുണ്ട്.
ശബരിമല ദർശനം നടത്തിയതിനെ തുടര്‍ന്ന് പലതവണ ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നിരുന്നു. അതിരൂക്ഷമായ സൈബര്‍ ആക്രമണങ്ങളും നേരിട്ടു. നേരത്തെ പൊലീസുകാര്‍ നോക്കി നിൽക്കെ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ ആക്രമണം നടന്നു. ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെയും കേസെടുത്തിരുന്നു.






