
തിരുവനന്തപുരം: സംസ്ഥാനത്ത് മതവര്ഗീയത പടര്ത്തി ലഹളയുണ്ടാക്കാന് ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന. ആലപ്പുഴയിലെ െകാലപാതങ്ങള് മനുഷ്യത്വത്തെ വെല്ലുവിളിക്കുന്നതാണ്. സമാധാന ജീവിതം തകിടംമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്.
കോണ്ഗ്രസിന് ബിജെ.പിയുടെ സ്വരമാണ്. കേരളത്തില് നിയമവാഴ്ചയില്ലെന്ന ബി.ജെ.പി അധ്യക്ഷന് ജെ.പി നഡ്ഡയുടെ പ്രസ്താവനയില് രാഷ്ട്രീയ ലക്ഷ്യമുണ്ട്. കേണ്ഗ്രസ് നേതാക്കളുടെ പ്രസ്താവനയിലും ബി.ജെ.പിയുടെ സ്വരമാണ്. കൊലപാതക ശക്തികള് തന്നെ എല്.ഡി.എഫ് സര്ക്കാരിനെ കുറ്റപ്പെടുത്തുന്നതാണ് ഏറ്റവും അതിശയകരമെന്നും സെക്രട്ടേറിയറ്റിന്റെ വിശദീകരണം.
കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന് എസ്.ഡി.പി.ഐയും ബിജെപിയും തയ്യാറാകണം. സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകര്ക്കാന് നടത്തുന്ന നിഷ്ഠൂരമായ പരസ്പര കൊലപാതകങ്ങള് അവസാനിപ്പിക്കണം. സിപിഎം ഭരണത്തില് കേരളം ക്രമസമാധാനമുള്ള സംസ്ഥാനമാണെന്നും അത് തകര്ക്കാനുള്ള ആസൂത്രിത ശ്രമം നടത്തുന്നവര് തന്നെ സര്ക്കാരിനെ പഴിക്കുന്നത് അതിശയകരമാണ്.
ആലപ്പുഴ ജില്ലയില് മണിക്കൂറുകളുടെ വ്യത്യാസത്തില് രണ്ട് വര്ഗ്ഗീയ ശക്തികള് മത്സരിച്ച് നടത്തിയ കൊലപാതകങ്ങള് മനുഷ്യത്വത്തേയും സമാധാന ജീവിതത്തേയും വെല്ലുവിളിക്കുന്നതാണ്. എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയെ സ്കൂട്ടറില് കാറിടിച്ചിട്ട് ബി.ജെ.പിക്കാര് അരുംകൊല ചെയ്തപ്പോള്, ബി.ജെ.പി നേതാവിനെ വീടുകയറി എസ്.ഡി.പി.ഐക്കാര് നിഷ്ഠൂരമായി കൊല്ലുകയായിരുന്നു. സംസ്ഥാനത്ത് നിലനില്ക്കുന്ന സമാധാന ജീവിതത്തെ തകിടം മറിയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണങ്ങള്.
കേരളത്തെ ചോരക്കളമാക്കാന് വിരുദ്ധ വര്ഗ്ഗീയ ശക്തികളുടെ തീക്കളിക്കെതിരെ എല്ലാ മതനിരപേക്ഷ വിശ്വാസികളും കുടുംബങ്ങളും ഉണര്വോടെയും ജാഗ്രതയോടെയും രംഗത്തുവരണം. എല്.ഡി.എഫ് ഭരണത്തില് കേരളം രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമാണ്. അതില്ലാതാക്കാനുള്ള ബോധപൂര്വ്വമായ യജ്ഞത്തിലാണ് വര്ഗ്ഗീയ ശക്തികള്. മതവര്ഗ്ഗീയത പരത്തി ജനങ്ങളില് സ്പര്ദ്ധയും അകല്ച്ചയും ഉണ്ടാക്കി നാട്ടില് വര്ഗ്ഗീയ ലഹളയുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടി സമൂഹ മാധ്യമങ്ങളെയടക്കം ദുരുപയോഗപ്പെടുത്തുന്നുണ്ടെന്നും സിപിഎം ചൂണ്ടിക്കാട്ടി. അക്രമ ശക്തികള്ക്കെതിരെ കര്ശനമായ ഭരണ - പോലീസ് നടപടികളിലേക്ക് സംസ്ഥാന സര്ക്കാര് തല്ക്ഷണം നീങ്ങിയെന്നും സെക്രട്ടേറിയറ്റ് അവകാശപ്പെടുന്നു.







Comments