
ഈ വര്‍ഷം മലയാള സിനിമയുടെ പ്രധാന നഷ്ടങ്ങളില്‍ ഒന്നായിരുന്നു നെടുമുടി വേണു എന്ന അതുല്യ കലാകാരന്. ശാരീരികമായ അവശതകള്‍ക്കിടയിലും സിനിമകളില്‍ സജീവമായിരുന്നു അദ്ദേഹം. മമ്മൂട്ടി - അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഭീഷ്മ പര്‍വ്വ’ത്തിലും ഒരു ശക്തമായ കഥാപാത്രം നെടുമുടി വേണു ചെയ്തിരുന്നു. ആ കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ‘ഇരവിപ്പിള്ള’ എന്നാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അദ്ദേഹത്തിന്റെ മരണത്തിന് രണ്ടാഴ്ച മുന്‍പും ഈ ചിത്രത്തില്‍ തങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നുവെന്ന് മമ്മൂട്ടി പിന്നീട് പറഞ്ഞിരുന്നു. നെടുമുടി വേണു അവസാനം അഭിനയിച്ച ചിത്രങ്ങളില്‍ ഒന്ന് മമ്മൂട്ടി നായകനാവുന്ന ‘ഭീഷ്മ പര്‍വ്വം’ ആയിരുന്നു.
ഏറ്റവുമൊടുവില്‍ പുറത്തെത്തിയ, മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും ഒരു പ്രധാന വേഷത്തില്‍ നെടുമുടി ഉണ്ടായിരുന്നു. കോഴിക്കോട് സാമൂതിരിയായാണ് പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രത്തില്‍ അദ്ദേഹം എത്തിയത്. അതേസമയം ഭീഷ്മ പര്‍വ്വത്തിന്റെ പുറത്തെത്തുന്ന ആറാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് നെടുമുടിയുടേത്.
നേരത്തെ ദിലീഷ് പോത്തന്, സൗബിന് ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അമല്‍ നീരദ് പുറത്തുവിട്ടിരുന്നു. നേരത്തെ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലോക്ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്മവര്ധന് എന്ന മാസ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. തബു, ഫര്ഹാന് ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്.






