റെസ്ലിങ് താരം ദ് ഗ്രേറ്റ് ഖാലിയുമൊത്തുള്ള സൂപ്പര്‍ഹീറോ ടെസ്റ്റിനു ശേഷം സാക്ഷാല്‍ യുവരാജ് സിങിനോട് ഏറ്റുമുട്ടുകയാണ് 'മിന്നല്‍ മുരളി'. ഗ്രേറ്റ് ഖാലി പരീക്ഷിച്ചത് മിന്നല്‍ മുരളിയുടെ ബലമായിരുന്നെങ്കില് യുവരാജ് സിങ് പരീക്ഷിച്ചത് സ്പീഡായിരുന്നു. അമേരിക്കന്‍ സൂപ്പര്‍ ഹീറോ ആകാനുള്ള ടെസ്റ്റിലാണ് മിന്നല്‍ മുരളി പങ്കെടുത്തത്. ആറ് ബോളില്‍ ബാറ്റും ബോളും ചെയ്ത് ആറ് സിക്സറാണ് മിന്നല്‍ മുരളി അടിച്ചത്. മിന്നല്‍ മുരളി അടിക്കുന്ന ഓരോ സിക്സും മുംബൈ മുതല്‍ അബുദാബി വരെ പാഞ്ഞു.
ടൊവിനോ മിന്നല്‍ മുരളി എന്ന സൂപ്പര്‍ഹീറോ ആയി എത്തുന്ന ചിത്രം ഡിസംബര്‍ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിനു വേണ്ടി വമ്പന്‍ പ്രമോഷനല്‍ തന്ത്രങ്ങളാണ് നെറ്റ്ഫ്ലിക്സ് ഒരുക്കിയിരിക്കുന്നത്. ഈ പ്രമോ വിഡിയോയുടെ ക്ലൈമാക്സില്‍ ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന് ആണ് മിന്നല്‍ മുരളിക്കൊപ്പം എത്തുന്നത്.
ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്സണ്‍ എന്ന യുവാവിന്റെ കഥയാണ് 'മിന്നല്‍ മുരളി' പറയുന്നത്. തൊണ്ണൂറുകളാണ് സിനിമയുടെ പശ്ചാത്തലം. 'ഗോദ'യ്ക്കു ശേഷം ടൊവീനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ, വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം. ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുണ്‍ അനിരുദ്ധന്, ജസ്റ്റിന് മാത്യു എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.






