
മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്ന് വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ പ്രേക്ഷകര്‍ കാത്തിരുന്ന ആ വാര്‍ത്ത സത്യമാകുകയാണ്. എസ്.എന്‍.സ്വാമി തിരക്കഥയെഴുതി കെ.മധു സംവിധാനം ചെയ്യുന്ന സേതുരാമ അയ്യരായി മമ്മൂട്ടി എത്തുന്ന സിബിഐ സീരീസിന്റെ അഞ്ചാം ഭാഗത്താണ് ജഗതി ശ്രീകുമാറിന്റെ മടങ്ങിവരവ്. സിബിഐ യുടെ നാലു ഭാഗത്തും വിക്രം എന്ന മമ്മൂട്ടിയുടെ സന്തതസഹചാരിയായി ജഗതിയുണ്ടായിരുന്നു. അഞ്ചാം ഭാഗത്തും ജഗതിയുണ്ട് എന്ന സന്തോഷവാര്‍ത്ത സിനിമയുടെ അണിയറയിലുള്ളവര്‍ തന്നെ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ ജഗതി ശ്രീകുമാറിന് മേക്കപ്പിടുന്ന ചിത്രമാണ് മലയാള സിനിമാ അഭിനേതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. അജു വര്‍ഗീസാണ് ഏറ്റവുമാദ്യം ഈ വാര്‍ത്ത തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചത്. പിന്നീട് ശ്വേത മേനോനടക്കമുള്ളവര്‍ ഈ സന്തോഷം പങ്കുവച്ചു. ‘‘ഡിലൈറ്റ്’’ എന്ന് ക്യാപ്ഷനിട്ടാണ് അജു ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രം പങ്കുവച്ചതിന് പുറകേ ആരാധകര്‍ സന്തോഷം നിറയ്ക്കുന്ന കമന്റുകളാണിടുന്നത്. 2012-ലെ വാഹനാപകടത്തെത്തുടർന്നാണ് ജഗതി ശ്രീകുമാര്‍ കിടപ്പിലായത്. അസാമാന്യമായ കോമിക് ടൈമിങ്ങിനും നാടകീയ വേഷങ്ങൾക്കും പേരുകേട്ട മലയാളം ഇൻഡസ്ട്രിയിൽ നികത്തപ്പെടാത്ത ഒരു ശൂന്യത സൃഷ്ടിച്ചാണ് ഇദ്ദേഹം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്. കേരളത്തിലും അദ്ദേഹത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് എല്ലായ്പ്പോഴും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും തിരിച്ചുവരവിനെ കുറിച്ച് കിട്ടിയ ആദ്യത്തെ ഔദ്യോഗിക വാർത്ത സിബിഐ യുടെ അഞ്ചാം ഭാഗത്ത് വിക്രമായി എത്തുന്നതാണ്.






