
ന്യൂഡൽഹി: കംപ്യൂട്ടറിൽ നുഴഞ്ഞുകയറി പണം തട്ടുന്ന ‘ഡയവോൾ’ എന്ന വൈറസിനെതിരേ മുന്നറിയിപ്പുമായി കേന്ദ്രം.
വിൻഡോസ് കംപ്യൂട്ടറുകളെ ലക്ഷ്യംവെക്കുന്ന വൈറസിനെതിരേ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ആണ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയത്.
ഇൻസ്റ്റാൾ ആയിക്കഴിഞ്ഞാൽ കംപ്യൂട്ടർ ഷട്ട്ഡൗൺ ആവുകയും ഓപ്പറേറ്ററിൽനിന്ന് പണം ചോദിക്കുകയുമാണ് ഇതിന്റെ രീതി. പണം ചോദിച്ചുകൊണ്ടുള്ള കുറിപ്പ് മാത്രമാണ് സ്ക്രീൻ വാൾപേപ്പറിലുണ്ടാവുക.
വൺഡ്രൈവിലേക്കുള്ള യു.ആർ.എൽ. ലിങ്ക് ഉൾപ്പെടുന്ന ഇമെയിൽ അറ്റാച്ച്മെന്റായാണ് ഡയവോൾ വൈറസെത്തുന്നത്.
ഉപയോക്താക്കളെ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഡോക്യുമെന്റാണ് ലിങ്കിലുണ്ടാവുക. ലിങ്ക് ഫയൽ തുറന്നാൽ വൈറസ് ഇൻസ്റ്റാളാവാൻ തുടങ്ങും. പണം നൽകിയില്ലെങ്കിൽ വിവരങ്ങൾ മുഴുവൻ മായ്ച്ചു കളയുകയുകയും കംപ്യൂട്ടർ ഉപയോഗയോഗ്യമല്ലാതാകുകയും ചെയ്യും.






