ജനങ്ങളുടെ പ്രതിഷേധ സമരങ്ങളെ വകവയ്ക്കാതെ നടപടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിന്റെ അഭിമാന പദ്ധതി സില്‍വര്‍ ലൈനില്‍ നിര്‍ണായക വഴിത്തരിവ്. പദ്ധതിയുടെ വിശദമായ രൂപരേഖ- ഡിപിആര്‍ പുറത്തുവിടണമെന്ന ആവശ്യവുമായി സിപിഎം നേതാക്കളും. നേരത്തേ ഡിപിആര്‍ കണ്ടശേഷമായിരിക്കും തുടര്‍നിലപാട് തീരുമാനിക്കുകയെന്ന സിപിഐ. വ്യക്തമാക്കിയിരുന്നു. ഡിപിആര്‍ ഗതാഗത വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പുറത്തുവിടാമെന്നുമാണ് കെ റെയില്‍ അധികൃതരുടെ നിലപാട്.
ഡി.പി.ആര് ഒരു രഹസ്യ രേഖയാണെന്നും റെയില്‍വേയുടെ അനുമതിയില്ലാതെ വിവരാവകാശപ്രകാരം ഇത് പൊതുമണ്ഡലത്തില്‍ വരുന്നത് പദ്ധതിയുടെ സുരക്ഷയെ ബാധിക്കുമെന്നാണ് കെറെയില്‍ അധികൃതര്‍ പറഞ്ഞിരുന്നത്. പദ്ധതിയുടെ ടെന്ഡറിനേയും ഇത് ബാധിക്കുമെന്നാണ് അവരുടെ പക്ഷം.
സിപിഎമ്മിന്റെ പോഷകസംഘടനയായ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കടുത്ത എതിര്‍പ്പിനിടയിലും പദ്ധതിയുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ നിലപാടിനെ പ്രതിസന്ധിയിലാക്കുന്നതാണ് സിപിഐയുടെ നിലപാട് മാറ്റം. ചൊവ്വാഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കാനാണ് സിപിഐ തീരുമാനം.
എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന വാഗ്ദാനം എന്ന നിലയിലാണ് സിപിഐ ഇതുവരെ പദ്ധതിയെ ന്യായീകരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വി.എസ്. സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കെ റെയിലിനെതിരേ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതിയുടെ കാര്യത്തില്‍ സിപിഐയുടെ ചുവടുമാറ്റം. പദ്ധതിയിലെ ആശങ്ക
സിപിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിലവില്‍ പദ്ധതിക്കുവേണ്ടിയുള്ള പാരിസ്ഥതിക-സാമൂഹിക ആഘാത പഠനം നടക്കുകയാണ്.
എന്നാല്‍ പദ്ധതിയുടെ ഡി.പി.ആര് പുറത്തുവിടാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഡിപിആര്‍ കണ്ടശേഷം മാത്രമേ ഈ വിഷയത്തില്‍ തുടര്‍നിലപാട് തീരുമാനിക്കാനാവൂ എന്ന് സിപിഐയുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കും.
കെ.റെയിലുമായി ബന്ധപ്പെട്ട ഡിപിആര്‍, ടെക്നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട്, പാരിസ്ഥിതിക ആഘാതപഠനം എന്നിവയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പൊതുസമൂഹത്തിന്റെ അറിവിലേക്ക് ലഭ്യമാക്കണമെന്നാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടത്.
കേരള സര്‍ക്കാരിനെ കണ്ണടച്ചെതിര്‍ക്കുന്നതും ഒരു ചര്‍ച്ചയും ഇല്ലാതെയും ഒന്നും പരിഗണിക്കാതെയും സില്‍വര്‍ ലൈന്‍ നടപ്പാക്കുന്നതുമായ രണ്ടു നിലപാടുകളും ശരിയല്ല. ഇതില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ സമഗ്രവികസനം, അതില്‍ ഗതാഗതത്തിനുള്ള പങ്ക് എന്നിവയുടെ ചട്ടക്കൂടില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ വിലയിരുത്താനും റെയില്‍വേ ഉള്‍പ്പെടെയുള്ള പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണവും ഭീമതോതിലുള്ള വിദേശസഹായ പദ്ധതികളും വിശകലനം ചെയ്യാനും നിഗമനങ്ങള്‍ പ്രചരിപ്പിക്കാനുമാണ് പരിഷത്ത് ശ്രമിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ഒ.എം.ശങ്കരന് പറഞ്ഞു.
ഇതിനിടെ സില്‍വര്‍ലൈന്‍ പദ്ധതിക്കായി കോണ്‍ക്രീറ്റ് തൂണു സ്ഥാപിക്കുന്നത് നിയമപരമെന്ന നിലപാടില്‍ ഉറച്ച് കെ-റെയില്‍ അധികൃതര്‍. ഇക്കാര്യം കോടതിയെ ധരിപ്പിക്കും. സര്‍വേയും കല്ലിടലും തുടരുമെന്നും അധികൃതര്‍ അറിയിച്ചു.






