
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളും മറ്റും കണക്കിലെടുത്ത് പോലീസില്‍ ആന്റി ഗുണ്ട സ്ക്വാഡ് രൂപീകരിക്കാന്‍ തീരുമാനം. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി: മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പുതിയ ടീം രൂപീകരിക്കും. ക്രൈംബ്രാഞ്ച് എസ്.പിമാര്‍ സംഘത്തിലുണ്ടാകും. നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പിമാര്‍ക്കായിരിക്കും മേല്‍നോട്ടം.
ഗുണ്ടാവേട്ട, ഭൂ-മണല്‍ മാഫിയ, മയക്കുമരുന്ന്, സ്വര്‍ണക്കടത്ത് തുടങ്ങിയവ അന്വേഷിക്കുക ഇനി ഈ സ്ക്വാഡായിരിക്കും. സംഘടിത കുറ്റകൃത്യം തടയാനാണ് പുതിയ ഓര്‍ഗനൈസ്ഡ് ക്രൈം സ്ക്വാഡ് രൂപീകരിക്കുന്നത്. ഡി.ജി.പി: അനില്‍കാന്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
സംസ്ഥാനത്തെ മുതിര്‍ന്ന എ.ഡി.ജി.പിമാരില്‍ ഒരാളാണ് മനോജ് എബ്രഹാം. ഇദ്ദേഹം തിരുവനന്തപുരം, കൊച്ചി കമ്മിഷണറായിരുന്ന വേളയില്‍ രൂപീകരിച്ച ക്രൈംസ്ക്വാഡുകള്‍ വന്‍ വിജയമായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മയക്കുമരുന്ന് മാഫിയക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നു സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.






