ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആർആർആർ സിനിമയുടെ റിലീസ് തീയതി അടുത്തെത്തിയതോടെ കേരള പ്രമോഷന്റെ ഭാഗമായി സംവിധായകൻ എസ് എസ് രാജമൗലിയും സംഘവും തിരുവനന്തപുരത്ത് എത്തി. രാജമൗലിയ്ക്കൊപ്പം രാം ചരൺ, ജൂനിയർ എൻടിആർ, ടൊവിനോ തോമസ്, എന്നിവരും പങ്കെടുത്തു. മൂന്ന് താരങ്ങളും ഒന്നിച്ചെത്തിയതോടെ ആരാധകരും ആവേശത്തിലായിരുന്നു. ലോകം മുഴുവൻ തരംഗമാകുന്ന ‘മിന്നൽ മുരളി’യെ നേരിട്ട് കാണാനായതിന്റെ സന്തോഷവും ഇവർ പങ്കുവച്ചു.
ആർആർആർ ആദ്യദിനംതന്നെ തിയറ്ററിൽ പോയി കാണുമെന്ന് ടൊവിനോ വേദിയില്‍ പറഞ്ഞു. വേദിയിൽ സംസാരിക്കാൻ കയറിയ ടൊവിനോയെ ആർപ്പുവിളികളോടെയാണ് ആരാധകർ വരവേറ്റത്. മലയാളത്തിൽ സദസിനെ അഭിസംബോധന ചെയ്ത് രാജമൗലിയും രാം ചരണും ജൂനിയർ എൻടിആറും ചടങ്ങിൽ ആവേശം തീർത്തു. ബാഹുബലിക്കു നൽകിയ പിന്തുണ ഈ ചിത്രത്തിനും നൽകണമെന്ന് രാജമൗലി അഭ്യർഥിച്ചു.






