
വഴിയരികിലെ കടക്കാരന് വളര്ത്തിയിരുന്ന കുരങ്ങുമായി ബന്ധപ്പെട്ട പ്രശ്നത്തില് ലിബിയയില് കൊല്ലപ്പെട്ടത് 16 പേര്. 50 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു.കുരങ്ങ് സ്കൂള്കുട്ടികളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വിഷയം രണ്ടു ഗോത്രങ്ങള് തമ്മിലുള്ള സായുധ കലാപമായി മാറുകയായിരുന്നു. ലിബിയയിലെ മനുഷ്യക്കടത്തിന്റെയും ആയുധക്കടത്തിന്റെയും കേന്ദ്രമായ സഭയില് അവലാദ് സുലൈമാന്, ഗദ്ദാദ്ഫ ഗോത്ര വര്ഗ്ഗങ്ങളാണ് പരസ്പരം ഏറ്റുമുട്ടിയത്.
ഗദ്ദാദ്ഫ ഗോത്രത്തില് പെടുന്ന ഒരു കടക്കാരന്റെ കുരങ്ങ് ഒരു കൂട്ടം വിദ്യാര്ത്ഥികളെ ആക്രമിച്ചതായിരുന്നു പ്രശ്നത്തിന് കാരണം. സ്കൂളില് നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്കുട്ടിയുടെ ശിരോവസ്ത്രം കുരങ്ങ് വലിച്ചെടുത്തതാണ് പ്രശ്നത്തിന് കാരണമായത്. ഇതിന് അവ്ലാദ് സുലൈമാന് വിഭാഗം പ്രതികാരം ചെയ്തു. കുരങ്ങിനെ കൊന്നതിനൊപ്പം ഗദ്ദാദ്ഫാ ഗോത്രത്തിലെ മൂന്ന് പേരെ കൂടി വധിക്കുകയായിരുന്നു. ഇതിന് പ്രതികാരവുമായി ഗദ്ദാദ്ഫാ ഗോത്രക്കാര് വന്നതോടെ കലാപം പിന്നീട് മോര്ട്ടാറുകളും ടാങ്കകുളും ഉള്പ്പെടെയുള്ള സൈനീക ഉപകരണങ്ങള് ഉപയോഗിക്കുന്ന യുദ്ധമായി മാറുകയായിരുന്നു. ഇപ്പോഴും പോരാട്ടം തുടരുകയാണെന്നാണ് വിവരം.
അഞ്ചു വര്ഷം മുമ്പ് മൂവമ്മര് ഗദ്ദാഫി കൊല്ലപ്പെട്ടതിന് പിന്നാലെ ലിബിയയിലെ മറ്റ് പല ഇടങ്ങളെയും പോലെ സഭയും ഗോത്രവൈരുദ്ധ്യ യുദ്ധങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. മനുഷ്യക്കടത്തും ആയുധക്കടത്തും വ്യാപകമായ ഇവിടെ ചെറിയ വിഷയങ്ങള് പോലൂം തോക്കുകളും ഷെല്ലുകളും ടാങ്കുകളും ഉപയോഗിക്കുന്ന സൈനീക നീക്കങ്ങള്ക്ക് സമാനമായ പ്രശ്നമായി മാറുകയും ചെയ്യാറുണ്ട്. ഈ മേഖലയിലെ ഏറ്റവും ശക്തമായ സായുധഗോത്രങ്ങളാണ് ഗദ്ദാദ്ഫയും അവ്ലാദ് സുലൈമാനും. നഗരത്തിന്റെ ഒത്ത നടുക്കായിരുന്നു ഇത്തവണത്തെ പോരാട്ടം.
പ്രശ്നം തുടങ്ങിയപ്പോള് മുതല് നിയന്ത്രണാതീതമായി പോവുകയായിരുന്നു. സായുധ പോരാട്ടം നിയന്ത്രിക്കാനും വെടിനിര്ത്തല് കൊണ്ടുവരാനുമുള്ള ഇരു വിഭാഗങ്ങളിലെയും നേതാക്കളുടെ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെ വന് യുദ്ധമായി മാറി. ഞാറയാഴ്ച സഭാ മെഡിക്കല് സെന്ററില് 16 മൃതദേഹങ്ങളാണ് കൊണ്ടുവന്നത്. പരിക്കേറ്റ 50 പേര് വേറെയും ഉണ്ടായിരുന്നു. സ്ത്രീകള്ക്കും കുട്ടികള്ക്കും വിവിധ രാജ്യങ്ങളില് നിന്നുള്ളവര്ക്കും ഷെല്ലിംഗില് പരിക്കേറ്റിരുന്നു.







Comments