
ഫാ. വർഗീസ് ലാലാല് സംവിധാനം ചെയ്യുന്ന ഷേക്സ്പിയറിന്റെ ഒഥല്ലോ പ്രമേയമാകുന്ന ‘ഋ’ എന്ന ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ്. ഒരു വൈദികൻ സംവിധാനം ചെയ്യുന്ന ആദ്യത്തെ മലയാള സിനിമ കൂടിയാണ്. മാത്രമല്ല സിദ്ധാർഥ് ശിവ ആദ്യമായി ക്യാമറ നിർവഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ എഡിറ്റിങും സിദ്ധാർഥ് തന്നെ.
പ്രണയത്തോടൊപ്പം വർണ രാഷ്ട്രീയം മുഖ്യപ്രമേയമാകുന്ന ചിത്രം ക്യാംപസ് പശ്ചാത്തലത്തിൽ ആണ് ഒരുക്കിയിരിക്കുന്ന ചിത്രം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ പൂർണമായി ചിത്രീകരിച്ച ആദ്യത്തെ സിനിമയാണ്. രൺജി പണിക്കർ, രാജീവ് രാജൻ , നയന എൽസ, ഡെയിൻ ഡേവിസ്, വിദ്യ, അഞ്ജലി നായർ, മണികണ്ഠൻ പട്ടാമ്പി, കോട്ടയം പ്രതീപ് തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
ഫാ. വർഗീസ് ലാലിന്റെ വാക്കുകൾ:
വളരെ ആശങ്കയോടെ ആണ് തിരുവനന്തപുരം ലെനിൻ തിയറ്ററിനു മുന്നിലെ ചാരുബെഞ്ചിൽ ഞങ്ങൾ കാത്തിരുന്നത്. അകത്ത് ഞങ്ങളുടെ സിനിമയായ ഋ സെൻസർ സർട്ടിഫിക്കറ്റിനായി ആദ്യ പ്രദർശനം നടത്തുകയാണ്. അടുത്തിടെ നടന്ന സെൻസർ വിവാദങ്ങളും സിനിമയുടെ സ്റ്റേയും ഞങ്ങളുടെ അങ്കലാപ്പിന്റെ ആക്കംകൂട്ടി.
സെൻസർ ക്രമീകരണങ്ങൾ ചെയ്ത് തന്ന ശ്യാം ഞങ്ങളോട് പറഞ്ഞു സിനിമ തീർന്നാൽ 10 നിമിഷത്തിനകം നിങ്ങളെ അകത്തേക്ക് വിളിക്കും. സിനിമ തീർന്നു. പത്തിരുപത് ആയി അരമണിക്കൂറായി ഞങ്ങളെ ആരും വിളിക്കുന്നില്ല. അകത്ത് കാര്യമായി എന്തോ ചർച്ച നടക്കുന്നു. ശ്യാം ഞങ്ങളോട് പറഞ്ഞു സിനിമയ്ക്ക് കാര്യമായ എന്തോ കുഴപ്പം ഉണ്ട്. എന്തെങ്കിലും മാറ്റങ്ങൾ വേണ്ടിവരും ഇത്രയധികം സമയം ചർച്ചയ്ക്ക് എടുക്കാറില്ല. ഞങ്ങൾക്ക് ആകെ ആശങ്കയായി .ഉടനെ അകത്തേക്കുള്ള വിളിയും വന്നു. സെൻസർ ബോർഡിൻറെ ചുമതലയുള്ള ഉള്ള ഉദ്യോഗസ്ഥ ഞങ്ങളോട് പറഞ്ഞു നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന സർട്ടിഫിക്കറ്റ് യു ആണ്.
ആകെ ആശ്വാസം... വളരെ നല്ല സിനിമ എന്ന് എല്ലാവരുടെയും വക ഒരു കോംപ്ളിമെന്റും. ആകെ ചെയ്യേണ്ടത് ഒരു കാര്യം മാത്രം തുടക്കത്തിൽ ഒരു ഡിസ്ക്ലൈമർ നോട്ട് പ്രദർശിപ്പിക്കണം. മറ്റ് തിരുത്തലുകൾ ഒന്നുമില്ല. ആഹ്ലാദത്തിൽ ആശങ്ക വഴി മാറി. പ്രകൃതി വിരുദ്ധതയും ഇല്ല, കേട്ടാലറയ്ക്കുന്ന തെറിയും ഇല്ല. ഇതിൽ സാമൂഹികപ്രസക്തിയുള്ള ആനുകാലിക വിഷയങ്ങൾ മാത്രം. ധൈര്യസമേതം എല്ലാവർക്കും ഒരുപോലെ കാണാം. ഉടൻ തന്നെ ‘ ഋ’ നിങ്ങളുടെ അടുത്ത തിയറ്ററുകളിൽ കാണാം.
എം.ജി. യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റ്ഴ്സ് അധ്യാപകൻ ഡോ.ജോസ്.കെ.മാനുവലിന്റേതാണ് തിരക്കഥ. വിശാൽ ജോണ്സണ്ന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സൂരജ് എസ്. കുറുപ്പാണ്. ഷേക്സ്പിയർ ആർട്സിന്റെ ബാനറിൽ ഡോ.ഗിരീഷ് കുമാർ ആണ് സിനിമ നിർമിച്ചിരിക്കുന്നത്.






