
അവസരങ്ങൾ തേടി ആളുകൾ ഓടിയ കാലം കഴിഞ്ഞു. കഴിവുള്ള കലാകാരന്മാരാണെങ്കില്‍ സൈബര്‍ ലോകം അവര്‍ക്കു മുന്നില്‍ വിശാലമായ ഒരു ലോകം തുറക്കും. ഇന്ത്യന്‍ ഗായകനും മ്യൂസിക്ക് കമ്പോസറുമായ ശങ്കര്‍ മഹാദേവന് ഇതുപോലെയുള്ള സാധാരണ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്നിലാണ്. ഇപ്പോഴിതാ സ്വയം ഹാര്‍മോണിയം വായിച്ച് ശാസ്ത്രീയ സംഗീതം ആലപിക്കുന്ന ഒരു ഗായകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് ശങ്കര്‍ മഹാദേവന്. ദോത്തിയും കുര്‍ത്തയും ധരിച്ച് കഴുത്തില്‍ രുദ്രാക്ഷവുമണിഞ്ഞ് ചന്ദനക്കുറിയും തൊട്ട് ഒരു വീടിന്റെ മുന്നില്‍ നിന്നാണ് ഈ ഗായകന് പാടുന്നത്. വീട്ടിലുള്ളവര്‍ പുറത്തിറങ്ങി നിന്ന് ഈ ഗായകനെ പ്രോത്സാഹിപ്പിക്കുന്നതും ഗാനം ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം. ‘‘ഈ കലാകാരനെ കാണുക, കേള്‍ക്കുക !! എന്തൊരു ഭക്തിയും സമർപ്പണവും സംഗീതാത്മകതയും !! സംഗീതത്തിന്റെ ആനന്ദം അനന്തമാണ് ’’ ഇങ്ങനെയൊരു ക്യാപ്ഷനും നല്‍കിയാണ് ശങ്കര്‍ മഹാദേവന് വീഡിയോ പങ്കിട്ടിരിക്കുന്നത്.






