
ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും മകൾ ആരാധ്യ ബോളിവുഡിലെ ഒരു കുട്ടിത്താരമാണ്. ആരാധ്യ ബച്ചൻ ജനിച്ച അന്നു മുതൽ അവളുടെ ഓരോ വളർച്ചയും ആരാധകർ ആകാംഷാപൂർവ്വം കാത്തിരിക്കുകയാണ്. ഐശ്വര്യ മകളുടെ വിശേഷങ്ങളെല്ലാം തന്നെ സമൂഹമാധ്യമത്തിൽ പോസ്റ്റുചെയ്യാറുണ്ട്. ഇത്തവണ ആരാധ്യ സ്കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ച ഒരു വീഡിയോയാണ് യൂട്യൂബിൽ ശ്രദ്ധ നേടുന്നത്. മനോഹരമായ ക്രിസ്തുമസ് സന്ദേശമാണ് ആരാധ്യ പങ്കുവയ്ക്കുന്നത്. ഒപ്പം ആരാധ്യ പാടുന്ന ക്രിസ്തുമസ് ഗാനങ്ങളും ഡാൻസുമൊക്കെയുണ്ട് വീഡിയോയിൽ.
വളരെ ആത്മവിശ്വാസത്തോടെയും ചുറുചുറുക്കോടെയും സംസാരിക്കുന്ന ആരാധ്യയ്ക്ക് ഇഷ്ടമറിയിച്ച നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. അമ്മയെപ്പോലെ മകളും മിടുമിടുക്കിയാണെന്നും അമ്മയുടെ അതേ ശബ്ദമാണ് മകൾക്കുമെന്നാണ് പലരും കമന്റുകൾ ചെയ്യുന്നത്. ഐശ്വര്യയെപ്പോലെ തന്നെ കുഞ്ഞ് ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങൾക്കു വിരുന്നാണ്.
ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യ റായുടെ ജീവിതം പൂർണമായും മകൾക്ക് ചുറ്റുമാണ്. സിനിമാ അഭിനയത്തിനും തന്റെ കരിയറിനും പലപ്പോഴും രണ്ടാം സ്ഥാനം മാത്രം കൊടുക്കുന്ന ഒരു ഐശ്വര്യയെയാണ് ഇപ്പോൾ കാണാനാവുന്നത്. പരസ്യചിത്രങ്ങളുടെ ഷൂട്ടിംഗുകൾക്കും ബ്രാന്‍ഡ് എന്‍ഡോര്‍സ്മെന്റ് ചടങ്ങുകൾക്കുമൊക്കെ മകളെയും കൊണ്ടാണ് മിക്കപ്പോഴും ഐശ്വര്യ വേദിയിലെത്തുന്നത്. തന്റെ സ്റ്റാർഡമോ തിരക്കുകളോ മകൾ ആരാധ്യയെ ഒരുതരത്തിലും ബാധിക്കാതിരിക്കാൻ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു സെലബ്രിറ്റി മദർ എന്ന രീതിയിൽ എപ്പോഴും മാധ്യമശ്രദ്ധ നേടുന്ന താരം കൂടിയാണ് ഐശ്വര്യ.






