
ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷയുമായ മായാവതി ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ബിഎസ്പി ജനറല്‍ സെക്രട്ടറിയും എംപിയുമായ സതീഷ് ചന്ദ്ര മിശ്രയാണ് ഈക്കാര്യം വ്യക്തമാക്കിയത്.
നിയമസഭാതിരഞ്ഞെടുപ്പില്‍ താനും മായാവതിയും മത്സരിക്കില്ല. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എസ്പിയോ ബിജെപിയോ അധികാരത്തില്‍ വരില്ല. ബിഎസ്പി ആയിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുകയെന്നും സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥി ആരെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.
തിരഞ്ഞെടുപ്പ് അടുത്തരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മത വിദ്വേഷ പ്രചാരണങ്ങള്‍ വര്‍ധിച്ചു വരുന്ന പ്രവണതയാണുളളത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് ഞായറാഴ്ച പാര്‍ട്ടി യോഗത്തില്‍ വെച്ച് മായാവതി പറഞ്ഞിരുന്നു.






