ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ ഇന്നോവ ക്രിസ്റ്റയ്ക്കു പുതിയ അടിസ്ഥാന വകഭേദവുമായി എത്തുന്നു. ഇന്നോവ ക്രിസ്റ്റ ജി എക്സ് എന്ന അടിസ്ഥാന വകഭേദത്തിന്റെ ഏഴു സീറ്റുള്ള പതിപ്പിന് 16.89 ലക്ഷം രൂപയും എട്ടു സീറ്റുള്ളതിന് 16.94 ലക്ഷം രൂപയുമാണു ഡല്‍ഹിയിലെ ഷോറൂം വില. പെട്രോള്‍ എന്‍ജിനുള്ള ഇന്നോവ ക്രിസ്റ്റയുടെ അടിസ്ഥാന വകഭേദമായിരുന്ന ജി എക്സിനെ അപേക്ഷിച്ച് വിലയില്‍ 29,000 രൂപയുടെ കുറവ്.
അഞ്ചു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടെ മാത്രം ലഭ്യമാവുന്ന പുതിയ അടിസ്ഥാന വകഭേദമായ ഇന്നോവ ക്രിസ്റ്റ ജി എക്സിലെ 2.7 ലീറ്റര്‍ പെട്രോള്‍ എന്ജിന് 166 പി എസ് വരെ കരുത്തും 245 എന്‍ എമ്മോളം ടോര്‍ക്കും സൃഷ്ടിക്കാനാവും. ഇന്നോവ ക്രിസ്റ്റയുടെ ഈ പുത്തന്‍ അടിസ്ഥാന പതിപ്പിലെ സൗകര്യങ്ങളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതേസമയം, ഇന്നോവ ക്രിസ്റ്റയുടെ മറ്റു വകഭേദങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ജി എക്സിന്റെ വിലയില്‍ 12,000 രൂപയുടെയും മുന്തിയ പതിപ്പുകളായ വി എക്സ്, സെഡ് എക്സ് എന്നിവയുടെ വിലയില്‍ 33,000 രൂപയുടെയും വര്‍ധനയാണു നിലവില്‍ വന്നത്. ഓര്‍ഡര്‍ പ്രകാരം നിര്‍മിച്ചു നല്കുന്ന, 2.4 ലീറ്റര്‍ ഡീസല്‍ എന്ജിന് ഘടിപ്പിച്ച ജി, ജി പ്ലസ് വകഭേദങ്ങള്‍ക്കും വില വര്‍ധനയുണ്ട്. ഇന്നോവ ക്രിസ്റ്റ ജി ഡീസല്‍ വില 24,000 രൂപയും ജി പ്ലസിന് 12,000 രൂപയുമാണ് വില വര്‍ദ്ധിച്ചത്.






