
ജാപ്പനീസ് ബ്രാന്‍ഡായ ടൊയോട്ടയുടെ കാമ്രി ഹൈബ്രിഡ് ഫെയ്സ്ലിഫ്റ്റിന്റെ മുഖം മിനുക്കിയ പതിപ്പ് എത്തുന്നു. 41.70 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പ്രീമിയം സെഡാനെ കമ്പനി ഇത്തവണ പരിചയപ്പെടുത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ടൊയോട്ട കാമ്രി മുഖം മിനുക്കി എത്തുന്നത്. ടൊയോട്ട കാമ്രി ഫെയ്സ്ലിഫ്റ്റിന്റെ നവീകരണളില് നേരിയ കോസ്മെറ്റിക് മാറ്റങ്ങളും മെച്ചപ്പെട്ട ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍പ്പെടുന്നതാണ്.
ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം പുതിയ ഡ്യുവല്‍-ടോണ്‍ 18-ഇഞ്ച് അലോയ് വീലുകളാണ്. പിന്‍ഭാഗത്ത് ടെയില്‍ ലാമ്പുകള്‍ക്കായി ടൊയോട്ട കാമ്രിക്ക് പുതിയ ഡാര്‍ക്ക് ഇന്‍സെര്‍ട്ടുകള്‍ സമ്മാനിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന മോഡലിന്റെ ഇന്റഗ്രേറ്റഡ് 8.0 ഇഞ്ച് സ്ക്രീനിന് പകരമായി പുതിയ ഫ്ലോട്ടിംഗ് 9.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീനാണ് പുതിയ 2022 ടൊയോട്ട കാമ്രി ഹൈബ്രിഡിന്റെ അകത്തളത്തില്‍. എസി വെന്റുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീനിന് താഴെയായാണ് പുനഃസ്ഥാപിച്ചിരിക്കുന്നത്.
ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോള്‍, ആം റെസ്റ്റുകള്‍ എന്നിവയ്ക്ക് പുതിയ ട്രിം ഫിനിഷും ലഭിക്കുന്നു. പൂര്‍ണമായി ലോഡു ചെയ്ത ഒരൊറ്റ വേരിയന്റില്‍ തന്നെയാണ് കാമ്രി ഇനിയും ലഭ്യമാവുക. ത്രീ-സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ഒരു സണ്‍റൂഫ്, 9 സ്പീക്കര്‍ JBL ഓഡിയോ സിസ്റ്റം, പവര്‍-റിക്ലൈനിംഗ് റിയര്‍ സീറ്റുകള്‍, പിന് യാത്രക്കാര്‍ക്കുള്ള പവര്‍ഡ് സണ്‍ഷേഡുകള്‍, തുടങ്ങിയ സവിശേഷതകളോടെയാണ് വാഹനം വരുന്നത്. ഡ്രൈവര്‍ സീറ്റിനുള്ള മെമ്മറി ഫംഗ്ഷന്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, റിവേഴ്സ് ക്യാമറ, ഹെഡ്-അപ്പ് ഡിസ്പ്ലേ, ഒമ്പത് എയര്‍ബാഗുകള്‍ എന്നിവയെല്ലാമാണ് കാമ്രിയുടെ ഇന്റീരിയറിലെ ഏറ്റവും വലിയ ഹൈലൈറ്റുകള്‍.
ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ (TNGA) പ്ലാറ്റ്ഫോമാണ് കാമ്രിക്ക് അടിസ്ഥാനമേകിയിരിക്കുന്നത്. 178 bhp, 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഹൈബ്രിഡില്‍ അത് 120 bhp പവറുള്ള പെര്‍മെനന്റ് മാഗ്നറ്റ് സിന്‍ക്രണസ് മോട്ടോറുമായാണ് ജോടിയാക്കിയിരിക്കുന്നത്. അങ്ങനെ സംയോജിത സിസ്റ്റം 218 bhp കരുത്തില്‍ 221 Nm torque വരെ വികസിപ്പിക്കാന്‍ പ്രാപ്തമാണ്. ഒരു സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന് സ്റ്റാന്‍ഡേര്‍ഡായി ഘടിപ്പിച്ചിരിക്കുന്നത്. കാമ്രിക്ക് 23.27 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്.






