
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ക്രിക്കറ്റ് താരമാണ് സുരേഷ് റെയ്ന. ഇപ്പോള്‍ വൈറലാകുന്നത് സുരേഷ് റെയ്നയുടേയും കുടുംബത്തിന്റേയും ഒരു രസകരമായ വീഡിയോയാണ്. കുടുംബത്തോടൊപ്പമുള്ള ഒരു പാചക വീഡിയോയാണ് സുരേഷ് റെയ്നയെ ടാഗ് ചെയ്ത് ഭാര്യ പ്രിയങ്ക പങ്കുവെച്ചിരിയ്ക്കുന്നത്. റെയ്നയ്ക്കും പ്രിയങ്കയ്ക്കും ഒപ്പം രണ്ട് മക്കളും ചേര്‍ന്നാണ് പാചകം ചെയ്യുന്നത്.
റെയ്ന പാചകം ചെയ്യുമ്പോള്‍ മകള്‍ ഗ്രേസിയയും മകന് റിയോയും അദ്ദേഹത്തെ പാചകം ചെയ്യാന്‍ സഹായിക്കുകയാണ്. ഗ്രേസിയ പിസയുണ്ടാക്കുമ്പോള് റിയോ ഉരുളക്കിഴങ്ങ് കൂട്ട് പരത്തുകയാണ് ചെയ്യുന്നത്. '' ഒരുമിച്ച് പാചകം ചെയ്യുന്ന കുടുംബം ഒരുമിച്ചു നില്ക്കും. ഹസ്ബന്‍ഡിന്റെ ചട്ടി പാചകത്തോടുള്ള താത്പര്യവും ഗ്രേസിയയുടെ പിസയോടുള്ള താത്പര്യവും. റിയോ ആകട്ടെ അവന് ചെയ്യാന്‍ കഴിയുന്ന കാര്യം മികച്ചതായും ചെയ്യുന്നു. ഏറ്റവും ഭംഗിയുള്ളത്'' -എന്ന ക്യാപ്ഷനോടെയാണ് പ്രിയങ്ക വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്.
ഇതിനോടകം തന്നെ പത്ത് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. റിയോയുടെ പാചകം വളരെ മനോഹരമായിരിക്കുന്നുവെന്ന് ഒരാള്‍ കമന്റ് ചെയ്തു. 'സ്മാര്‍ട്ട് ഫാമിലി'യെന്നും മനോഹരമെന്നുമാണ് ഏവരും കമന്റ് ചെയ്തത്. രണ്ട് ലക്ഷത്തിനടുത്ത് ലൈക്കും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.






