കോവാക്സിന് ബൂസ്റ്റര്‍ ഡോസിന് ഗൗരവമായ പാര്‍ശ്വഫലങ്ങളില്ലാതെ ദീര്‍ഘകാലത്തേക്ക് പ്രതിരോധ ശക്തി നല്കാന് കഴിയുമെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് അവകാശപ്പെടുന്നു. ഒമിക്രോണ്‍ അടക്കമുള്ള കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കാനായി രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് നല്കുന്ന മുന്‍കരുതല്‍ ഡോസാണ് ബൂസ്റ്റര്‍ ഡോസ്.
കോവിഡിനെതിരെ ഒരു ആഗോള വാക്സിന് പുറത്തിറക്കുക എന്ന ലക്ഷ്യം കൈവരിച്ചിരിക്കുന്നതായി ഭാരത് ബയോടെക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല പറഞ്ഞു. രണ്ടാമത്തെ കോവിഡ് വാക്സിന് ഡോസിന് ശേഷം കോവാക്സിന് ബൂസ്റ്റര്‍ ഡോസ് ലഭിച്ചവരില്‍ CD4+ ഠ, CD8+ ഠ സെല്‍ പ്രതികരണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായിട്ടുള്ളതായി ഭാരത് ബയോടെക് പറയുന്നു. മൂന്നാമത്തെ ഡോസിന് ശേഷം വൈറസിനെതിരെ നിര്‍വീര്യമാക്കുന്ന ആന്റിബോഡികളുടെ തോത് 19 മുതല്‍ 265 മടങ്ങ് വര്‍ധിച്ചതായും ഭാരത് ബയോടെക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസിന്റെ വിതരണം ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ മുന്‍നിര പോരാളികള്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമുള്ള സഹരോഗാവസ്ഥകളുള്ളവര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. നിലവില്‍ ഇന്ത്യയില്‍ കോവിഷീല്‍ഡിനും കോവാക്സിനും മാത്രമാണ് ബൂസ്റ്റര്‍ ഡോസായി അനുമതി ലഭിച്ചിരിക്കുന്നത്. രണ്ടാമത്തെ ഡോസ് വാക്സിനും ബൂസ്റ്റര്‍ ഡോസും തമ്മില്‍ ഒന്‍പത് മുതല്‍ 12 മാസത്തെ ഇടവേള വേണമെന്ന് നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പ് എടുത്ത വാക്സിന് തന്നെ ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കാനാണ് ആരോഗ്യ വിദഗ്ദരുടെ നിര്‍ദ്ദേശം.






