
ഇന്ത്യയില്‍ പുതിയ തലമുറ റേഞ്ച് റോവര്‍ എസ്യുവി അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍ ഇന്ത്യ. 2022 റേഞ്ച് റോവര്‍ എസ്യുവിയുടെ അഞ്ചാം തലമുറയാണ് എത്തിയിരിക്കുന്നത്. എസ്യുവിയുടെ ബുക്കിംഗ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ആരംഭിച്ചെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2022 റേഞ്ച് റോവറിന് ഇന്ത്യയില്‍ 2.31 കോടി രൂപയാണ് എക്സ്-ഷോറൂം വില. ധാരാളം സവിശേഷതകളുള്ള പുതിയ സാങ്കേതികവിദ്യയും നിറഞ്ഞതാണ് പുതുതലമുറ റേഞ്ച് റോവര്‍.
SE, HSE, ഓട്ടോബയോഗ്രഫി എന്നീ മോഡലുകളില്‍ പുതിയ റേഞ്ച് റോവര്‍ എസ്യുവി വില്‍പ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സണ്‍സെറ്റ് ഗോള്‍ഡ് സാറ്റിന് കളര്‍ ഓപ്ഷനില്‍ വരെ പുതിയ റേഞ്ച് റോവര്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കും. അങ്ങനെ മൊത്തത്തില്‍ 5 നിറങ്ങളാകും കമ്പനി എസ്യുവിയില് ഉണ്ടാവുക. ആഢംബര പ്രീമിയം എസ്യുവിക്ക് ഏഴ് സീറ്റര്‍ ഓപ്ഷനും ലാന്‍ഡ് റോവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് (SWB) അല്ലെങ്കില്‍ ലോംഗ് വീല്‍ബേസ് (LWB) ബോഡി ഡിസൈനുകള്‍ അഞ്ച് സീറ്റര്‍, ഏഴ് സീറ്റര്‍ ഓപ്ഷനുകളിലും വാഹനം വിപണിയില്‍ എത്തും.
ആഗോള വിപണിയില്‍ മോഡല്‍ 23 ഇഞ്ച് അലോയ് വീലുകളിലാണ് നിരത്തിലെത്തുന്നത്. അതേസമയം എസ്യുവി ഇന്ത്യയില്‍ എത്തുമ്പോള്‍ മോഡല്‍ ചെറിയ 21 ഇഞ്ച് വീലുകളില്‍ വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. പിന്‍വശത്തെ യാത്രക്കാര്‍ക്കായി 11.4 ഇഞ്ച് എന്റര്ടെയ്ന്മെന്റ് ഡിസ്പ്ലേകളാണ് ബ്രാന്‍ഡ് സമ്മാനിച്ചിരിക്കുന്നത്. അത് മുന്‍ സീറ്റ് ബാക്കുകളിലാണ് ഘടിപ്പിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് ക്ലാസ് പിന് സീറ്റുകള്‍ക്കൊപ്പം സെന്റര്‍ ആംറെസ്റ്റില്‍ 8.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഉണ്ട്. 1600-വാട്ട്, 35-സ്പീക്കര്‍ മെറിഡിയന് സിഗ്നേച്ചര്‍ സൗണ്ട് സിസ്റ്റവും ലഭിക്കുന്നു.
റേഞ്ച് റോവര്‍ ഒരു അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷനില്‍ പുതിയ അഞ്ച്-ലിങ്ക് റിയര്‍ ആക്സിലാണ് നിര്‍മിച്ചിരിക്കുന്നത്. അത് മുന്നോട്ടുള്ള റോഡിനെ ആശ്രയിച്ച് സിസ്റ്റം ക്രമീകരിക്കുന്നതിന് നാവിഗേഷന്‍ സിസ്റ്റം ഉപയോഗിക്കുന്നു. റൈഡ് ഗുണനിലവാരം കൂടുതല്‍ സുഗമമാക്കുന്നതിന് അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോളും സ്റ്റിയറിംഗ് അസിസ്റ്റും യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നു. മോഡലിന് ഇലക്ട്രോണിക് കണ്ട്രോള്ഡ് ആക്റ്റീവ് ആന്റി-റോള്‍ ബാറുകളുമുണ്ട്. കൂടാതെ പിന്നിലെ വീലുകളെ 7.3 ഡിഗ്രി വരെ വൈദ്യുതമായി ചലിപ്പിക്കാന്‍ കഴിയുന്ന ഓള്-വീല്‍ സ്റ്റിയറിങ്ങും പുത്തന്‍ റേഞ്ച് റോവര്‍ എസ്യുവിക്കുണ്ട്.
നൈറ്റ്ഷിഫ്റ്റ് മോഡ് ഉള്ള 360 ഡിഗ്രി ക്യാമറയും മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വാഹനത്തില്‍ നിന്ന് ഇറങ്ങാനും പാര്‍ക്ക് ചെയ്യാനും അനുവദിക്കുന്ന ആപ്പ് അധിഷ്ഠിത പാര്‍ക്കിംഗ് ഫീച്ചറും ലഭിക്കുന്നു. 3.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ്, 3.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍, 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എന്നിങ്ങനെ മൂന്ന് എഞ്ചിന് ഓപ്ഷനുകളിലാണ് 2022 റേഞ്ച് റോവര്‍ ഇന്ത്യയിലെത്തുക. 3.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം 394 bhp കരുത്തില്‍ 550 Nm torque ഉത്പാദിപ്പിക്കും. ലാന്‍ഡ് റോവര്‍ റേഞ്ച് റോവറിന്റെ ടര്‍ബോ-ഡീസല്‍ എഞ്ചിന് 346 bhp പവറില്‍ 700 Nm torque ആണ് വികസിപ്പിക്കുന്നത്. ട്വിന്‍-ടര്‍ബോ V8 എഞ്ചിന് 523 bhp, 750 Nm torque എന്നീ പവര്‍ കണക്കുകളുമാണ് നല്‍കുന്നത്.






