
സെഹോര്‍: ബലാത്സംഗം തിരസ്ക്കരിക്കാന്‍ ശ്രമിച്ച 10 വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു. ഇച്ചാവാറിലെ ദൂധ്ലായി ഗ്രാമത്തിലാണ് ദാരുണസംഭവം നടന്നത്. കിണറിനുള്ളിലെ വള്ളികളില്‍ പിടിച്ചുനിന്ന പെണ്‍കുട്ടിയുടെ ജീവന് തിരിച്ചുകിട്ടി.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടക്കുന്നത്. കക്കൂസില്‍ പോകാനായി പുറത്തിറങ്ങിയ പെണ്‍കുട്ടിയെ രമേഷ് എന്നയാള്‍ ബലാത്സംഗം ചെയ്യാനായി ശ്രമിച്ചു. ചെറുത്തുനിന്ന പെണ്‍കുട്ടിയെ ഇയാള്‍ കിണറ്റിലേക്ക് തള്ളിയിട്ടു. ധീരയായ പെണ്‍കുട്ടി കിണറിലെ വള്ളികളില്‍ തൂങ്ങി രക്ഷപ്പെട്ടുവെന്ന് എസ്പി മായങ്ക് അവാസ്തി പറഞ്ഞു.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തോ എന്നത് മെഡിക്കല്‍ പരിശോധനക്ക് ശേഷം മാത്രമേ മനസ്സിലാകൂവെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10000 രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.






